പെരുമ്പാവൂരിൽ സ്കൂളിന്റെ മതിൽ പൊളിച്ചു
Mail This Article
പെരുമ്പാവൂർ ∙ നവകേരള സദസ്സിനായി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിച്ചു. പരാതിക്കാർക്കും പൊതുജനങ്ങൾക്കും സദസ്സിലേക്കു പ്രവേശിക്കുന്നതിനായിട്ടാണു മതിൽ പൊളിച്ചു രണ്ടാമത്തെ കവാടം നിർമിച്ചത്. സംഘാടക സമിതിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ജീവനക്കാരാണ് മതിൽ പൊളിച്ചു കവാടം നിർമിച്ചത്.
സ്കൂളിന്റെ പ്രധാന കവാടത്തിലൂടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശിക്കുന്ന ബസ് മൈതാനത്തേക്കു പ്രവേശിക്കുന്നത്. മതിൽ പൊളിച്ചതിനെതിരെ പൊലീസിൽ പരാതി നൽകിയതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി.
മുഖ്യമന്ത്രിയുടെ വണ്ടി വരുന്നു; 10ന് പെരുന്നാൾ കച്ചവടം വേണ്ടെന്ന് പൊലീസ്
∙ റോഡരികിലെ കച്ചവടം ഒഴിപ്പിക്കുന്നത് ഊരക്കുന്ന് പള്ളിയിലെ പ്രധാന തിരുനാൾ ദിവസം
തൊടുപുഴ ∙ നവകേരള സദസ്സിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കടന്നുപോകുന്ന വഴിയിലെ താൽക്കാലിക പെരുന്നാൾ കച്ചവടം നിർത്തണമെന്നു പൊലീസിന്റെ നിർദേശം.10ന് ആണ് മുട്ടം ഊരക്കുന്ന് ക്‌നാനായ പള്ളിയിലെ തിരുനാളിന്റെ പ്രധാനദിവസം. അന്ന് ഉച്ചകഴിഞ്ഞ് തൊടുപുഴയിൽ നിന്ന് ഇടുക്കിയിലേക്കു പോകുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പെട്ടിക്കടകൾ യാത്രാതടസ്സം സൃഷ്ടിക്കുമെന്ന കാരണം പറഞ്ഞാണ് ഒരു ദിവസത്തേക്ക് ഒഴിപ്പിക്കുന്നത്. പ്രധാന പെരുന്നാളിനു കച്ചവടം നടന്നില്ലെങ്കിൽ കട പൂട്ടിപ്പോകുമെന്നാണു വ്യാപാരികൾ സങ്കടം പറയുന്നത്. എല്ലാ വർഷവും തിരുനാൾ ദിനങ്ങളിൽ റോഡരികിൽ വ്യാപാരമുണ്ട്.
നവകേരള സദസ്സ്: മഴയെ തടയാൻ താമരമാല, തഹസിൽദാർ വക!
ഇരിങ്ങാലക്കുട ∙ നവകേരള സദസ്സിനെ മഴ ബാധിക്കാതിരിക്കാൻ കൂടൽമാണിക്യ ക്ഷേത്രത്തിൽ തഹസിൽദാരുടെ വക താമരമാല വഴിപാട്. പ്രോഗ്രാം കമ്മിറ്റി കൺവീനർ കൂടിയായ മുകുന്ദപുരം തഹസിൽദാർ കെ.ശാന്തകുമാരിയാണ് ഇന്നലെ ഭരതന്റെ ഇഷ്ട വഴിപാടായ താമരമാല നേർന്നത്. നവകേരള സദസ്സ് എന്ന പേരിലാണ് വഴിപാട് ബുക്ക് ചെയ്തത്. ഇന്നലെ വൈകിട്ട് 4ന് ആയിരുന്നു ഇരിങ്ങാലക്കുടയിലെ സദസ്സ്. ഉച്ചയ്ക്കു മഴക്കാർ കണ്ടപ്പോൾ വഴിപാടിന്റെ കാര്യം ക്ഷേത്രത്തിൽ വിളിച്ച് ഉറപ്പുവരുത്തുകയും ചെയ്തു.