ADVERTISEMENT

കൊച്ചി ∙ സിറോ മലബാർ സഭയുടെ മേജർ ആർച്ച്‌ ബിഷപ്പായി അഭിഷിക്തനായ ശേഷമുള്ള ആദ്യത്തെ കുർബാനമധ്യേ മാർ ജോർജ് ആലഞ്ചേരി പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘‘നമുക്കൊരുമിച്ചു നീങ്ങാം. പിന്നോട്ടു നോക്കുമ്പോൾ തോൽവികളും ദുഃഖങ്ങളും ഒക്കെയുണ്ടാകും. അവയെല്ലാം മറന്നു മുന്നോട്ടുപോകാം. ദൈവസ്നേഹത്താൽ പ്രചോദിതമായ ആത്മാവാണു നമ്മെ നയിക്കുന്നത്. പിന്നെന്തിനു ഭയപ്പെടണം?’’ ഈ വാക്കുകൾക്കു പ്രസക്തിയേറുന്ന പശ്ചാത്തലത്തിലാണു മേജർ ആർച്ച് ബിഷപ് സ്ഥാനത്തു നിന്നു മാർ ആലഞ്ചേരി പടിയിറങ്ങുന്നത്. ഒരു മതവിഭാഗത്തിന്റെ ആത്മീയ ചട്ടക്കൂടിൽ മാത്രം ഒതുങ്ങാതെ മാനവികതയെ മുഴുവൻ ആശ്ലേഷിക്കാനുള്ള ഹൃദയവിശാലത അദ്ദേഹം പ്രകടിപ്പിച്ചു. 

ചങ്ങനാശേരി അതിരൂപതയിലെ തുരുത്തി ഇടവകാംഗമായ മാർ ആലഞ്ചേരി 1972 ഡിസംബർ 18നാണു വൈദിക പട്ടം സ്വീകരിച്ചത്. ചങ്ങനാശേരി അതിരൂപതാ വിശ്വാസ പരിശീലന ഡയറക്ടർ, പാലാരിവട്ടം പിഒസി ഡയറക്ടർ, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ചങ്ങനാശേരി അതിരൂപതാ വികാരി ജനറലുമായിരുന്നു. 1997 ഫെബ്രുവരി രണ്ടിനായിരുന്നു മെത്രാഭിഷേകം. പിന്നീട് തക്കല രൂപതയുടെ പ്രഥമ മെത്രാനായി. 

2011 ഏപ്രിൽ ഒന്നിന് കർദിനാൾ മാർ വർക്കി വിതയത്തിൽ കാലം ചെയ്തപ്പോൾ മാർ ആലഞ്ചേരി സിറോ മലബാർ സഭയുടെ സിനഡ് സെക്രട്ടറിയായിരുന്നു. 2011 മേയിൽ ചേർന്ന മെത്രാൻ സിനഡിന്റെ തീരുമാനപ്രകാരം 2011 മേയ് 29ന് മേജർ ആർച്ച്ബിഷപ് സ്ഥാനം ഏറ്റെടുത്തു. 2012 ഫെബ്രുവരി 18നു  ബനഡിക്ട് പതിനാറാമൻ പാപ്പ അദ്ദേഹത്തെ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തി.

മാർ ആലഞ്ചേരി സ്ഥാനമേറ്റ ശേഷം സിറോ മലബാർ സഭ ഏറെ വളർന്നു. ഷംഷാബാദ്, ഹൊസൂർ രൂപതകൾ സ്ഥാപിച്ചതോടെ രാജ്യം മുഴുവൻ അജപാലന ശുശ്രൂഷ ചെയ്യാനുള്ള അവകാശം മാർപാപ്പ സിറോ മലബാർ സഭയ്ക്കു നൽകി. ഫരീദാബാദ്, മെൽബൺ, മിസിസാഗ, ഗ്രേറ്റ് ബ്രിട്ടൻ രൂപതകൾ സ്ഥാപിച്ചതും യൂറോപ്പിൽ അപ്പോസ്തലിക് വിസിറ്റേറ്ററെ നിയമിച്ചതും സഭയുടെ പ്രേഷിത പ്രവർത്തനങ്ങളെ വിപുലമാക്കി. റോമിൽ സിറോ മലബാർ സഭയുടെ സ്വന്തം ഭവനം പൂർത്തീകരിച്ചു.

കുർബാനക്രമം നവീകരിക്കുന്നതിലും കുർബാനയർപ്പണത്തിൽ ഏകീകൃത രൂപം നടപ്പാക്കുന്നതിലും യാമപ്രാർഥനകൾ നവീകരിക്കുന്നതിലും മാർ ആലഞ്ചേരിയുടെ ശ്രമങ്ങൾ എടുത്തു പറയണം. എന്നാൽ, ഭൂമിയിടപാടു വിവാദങ്ങളും ഏകീകൃത കുർബാനയർപ്പത്തോട് ഒരു വിഭാഗത്തിനുള്ള എതിർപ്പ് പരിഹരിക്കുന്നതിൽ വന്ന പാളിച്ചയുമുണ്ടാക്കിയ പ്രതിസന്ധി ചെറുതായിരുന്നില്ല.

English Summary:

Major Arch Bishop Mar George Alencherry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com