ADVERTISEMENT

തിരുവനന്തപുരം ∙ വൻതുക സ്ത്രീധനം ആവശ്യപ്പെട്ടതിനാൽ ജീവനൊടുക്കിയ യുവ ഡോക്ടർ ഡോ.എ.ജെ.ഷഹ്നയുടെ ആത്മഹത്യക്കുറിപ്പിലെ പ്രതിയുടെ പേരും പങ്കും ആദ്യം ദിവസം മറച്ചുവച്ച പൊലീസ്, ഇന്നലെ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ നിലപാടു മാറ്റി. സുഹൃത്തും മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിയുമായ ഡോ. ഇ.എ.റുവൈസ് (28) ആവശ്യപ്പെട്ടത്ര സ്ത്രീധനം നൽകാൻ കഴിയാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നു ഷഹ്നയുടെ കുറിപ്പിലുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. റുവൈസിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.

ഷഹ്നയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിൽ മാത്രം ആദ്യ ദിവസം തന്നെ റുവൈസിനെതിരെ പൊലീസിനു ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കാമായിരുന്നു. എന്നാൽ, അസ്വാഭാവിക മരണത്തിനു മാത്രമാണ് മെഡിക്കൽ കോളജ് പൊലീസ് തിങ്കളാഴ്ച കേസെടുത്തത്. കുറിപ്പിൽ സ്ത്രീധന പ്രശ്നത്തെക്കുറിച്ചു പരാമർശമോ ആർക്കെങ്കിലുമെതിരെ ആരോപണമോ ഇല്ലെന്നായിരുന്നു പൊലീസ് വാദം.

റുവൈസുമായുള്ള സഹോദരിയുടെ അടുപ്പത്തെക്കുറിച്ചും സ്ത്രീധനം ആവശ്യപ്പെട്ടതിനെക്കുറിച്ചും ഷഹ്നയുടെ സഹോദരൻ ഡോ.ജാസിം നാസ് മൊഴി നൽകിയിരുന്നു. ഇതും പൊലീസ് പരിഗണിച്ചില്ല. ചൊവ്വാഴ്ച ഷഹ്നയുടെ മാതാവ് ജലീല ബീവി, സഹോദരി സറീന എന്നിവരിൽനിന്നു മൊഴിയെടുത്ത ശേഷമാണ് റുവൈസിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയത്. വെഞ്ഞാറമൂട് മൈത്രി നഗർ നാസ് മൻസിലിൽ പരേതനായ അബ്ദുൽ അസീസിന്റെയും ജലീല ബീവിയുടെയും മകൾ ഡോ.ഷഹ്നയെ (26) തിങ്കളാഴ്ച രാത്രിയാണ് മെഡിക്കൽ കോളജിനു സമീപത്തെ ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. 

English Summary:

Name and role of the accused Dr Ruwaise in Dr Shahna's death letter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com