ഡോ. ഷഹ്ന ജീവനൊടുക്കിയത് റുവൈസ് വാട്സാപിൽ ബ്ലോക്ക് ചെയ്തതിനു പിന്നാലെ
Mail This Article
തിരുവനന്തപുരം ∙ ഡോ. എ.ജെ.ഷഹ്ന ജീവനൊടുക്കിയത് സുഹൃത്ത് ഡോ. റുവൈസ് മൊബൈലിൽ ബ്ലോക് ചെയ്തതിനു പിന്നാലെ. ഷഹ്നയെ ജീവനൊടുക്കാൻ പെട്ടെന്നു പ്രേരിപ്പിച്ചത് ഇതാണോ എന്നതിനെക്കുറിച്ചാണു പൊലീസ് അന്വേഷിക്കുന്നത്. വാട്സാപ് സന്ദേശങ്ങളിൽനിന്നാണ് പൊലീസിന്റെ ഈ നിഗമനം.
റുവൈസിന്റെയും ഷഹ്നയുടെയും മൊബൈൽ ഫോണുകൾ ഫൊറൻസിക് ലാബിലേക്ക് പരിശോധനയ്ക്കു കൈമാറി. വെഞ്ഞാറമൂട് സ്വദേശിനി ഷഹ്നയെ തിങ്കളാഴ്ച രാത്രിയാണ് മെഡിക്കൽ കോളജിനു സമീപത്തെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
റുവൈസിനെ സ്ത്രീധന നിരോധന നിയമപ്രകാരവും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയുമാണ് പ്രതിയാക്കിയിട്ടുള്ളത്. വൻ സ്ത്രീധനം ചോദിച്ചതിൽ റുവൈസിന്റെ കുടുംബത്തിനും പങ്കുണ്ടെന്നാണു പൊലീസ് നിഗമനം. റുവൈസിന്റെ പിതാവിനെ തിരഞ്ഞ് കരുനാഗപ്പള്ളിയിലെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും അവിടെയില്ലായിരുന്നു.
കൃത്യമായ തെളിവുകൾ ലഭിച്ചാൽ റുവൈസിന്റെ പിതാവിനെയും കേസിൽ പ്രതി ചേർക്കുമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഡോ. റുവൈസിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ (ഐഎം എ) നിന്നു സസ്പെൻഡ് ചെയ്തു. ഇത്തരം അധാർമികതകൾക്കെതിരെ അംഗങ്ങളെ ബോധവൽക്കരിക്കാൻ ഐഎംഎ മുൻകൈ എടുക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.