ADVERTISEMENT

കൊച്ചി ∙ മറൈൻ ഡ്രൈവിൽ നടന്ന നവകേരള സദസ്സിൽ സിപിഎം ബ്രാഞ്ച് അംഗത്തിനെ ആളുമാറി സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചു. എറണാകുളം തമ്മനം ബ്രാഞ്ച് അംഗം റെയീസിനാണു മർദനമേറ്റത്.

വേദിയിൽ ലഘുലേഖകൾ വിതരണം ചെയ്തും മുദ്രാവാക്യം മുഴക്കിയും പ്രതിഷേധിച്ച ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് അസോസിയേഷൻ (ഡിഎസ്എ) ഭാരവാഹികളായ എം.റെജാസിനെയും മുഹമ്മദ് ഹനീനെയും വളഞ്ഞിട്ടു മർദിക്കുന്നതിനിടെയാണ് ഇവർക്കൊപ്പമുള്ള ആളാണെന്നു തെറ്റിദ്ധരിച്ചു റെയീസിനെയും ആക്രമിച്ചത്. സിപിഎം പ്രവർത്തകനാണെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും മർദനം നിർത്തിയില്ലെന്നു റെയീസ് പറഞ്ഞു. കീഴ്ഘടകത്തോടു സംഭവം അന്വേഷിക്കാൻ ആവശ്യപ്പെട്ടുവെന്നു സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ പറഞ്ഞു. 

വെള്ളിയാഴ്ച വൈകിട്ടു നവകേരള സദസ്സിൽ മുഖ്യമന്ത്രി എത്തുന്നതിനു മുന്നോടിയായി മന്ത്രി റോഷി അഗസ്റ്റിൻ പ്രസംഗിക്കുന്നതിനിടെയാണു ഡിഎസ്എ പ്രവർത്തകർ പ്രതിഷേധിച്ചത്. പാർട്ടി പ്രവർത്തകർ ഇവരെ വേദിക്കുള്ളിലിട്ടും പുറത്തേക്കു വലിച്ചിഴച്ച ശേഷവും മർദിക്കുകയായിരുന്നു. അവശരായ ഇവരെ പൊലീസ് സ്ഥലത്തുനിന്നു നീക്കാൻ ശ്രമിച്ചെങ്കിലും ആക്രമണം തുടർന്നു. ഇതിനിടെയാണു പരിപാടിയിൽ പങ്കെടുക്കാനെത്തിയ റെയീസിനും മർദനമേറ്റത്. 

വേദിക്കുള്ളിലും പുറത്തും വച്ചു തനിക്കു മർദനമേറ്റതായും അടിയും ചവിട്ടുമേറ്റു ശരീരമാസകലം ചതവുള്ളതായും റെയീസ് പറഞ്ഞു. കടുത്ത ശ്വാസം മുട്ടലുമുണ്ട്. കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയ റെയീസിനെ ബന്ധുക്കളെത്തി വീട്ടിലേക്കു കൊണ്ടുപോയി.

English Summary:

CPM branch committee member beaten up by DYFI members in Nava Kerala sadas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com