ADVERTISEMENT

തിരുവനന്തപുരം ∙ അരനൂറ്റാണ്ടിലേറെ കയ്യിലേന്തിയ ചെങ്കൊടി പുതച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) തലസ്ഥാനത്തോടു യാത്ര പറഞ്ഞു. എംസി റോഡിലൂടെ കോട്ടയത്തേക്കുള്ള വഴിയിൽ തടിച്ചുകൂടിയവരെല്ലാം പ്രിയനേതാവിനു വിട ചൊല്ലി. വെള്ളിയാഴ്ച കൊച്ചിയിൽ അന്തരിച്ച കാനം രാജേന്ദ്രന്റെ സംസ്കാരം ഇന്നു 11നു വാഴൂർ കാനം കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. 

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊട്ടാരക്കരയിൽ എത്തിയപ്പോൾ. ചിത്രം: അരവിന്ദ് ബാല ∙ മനോരമ
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊട്ടാരക്കരയിൽ എത്തിയപ്പോൾ. ചിത്രം: അരവിന്ദ് ബാല ∙ മനോരമ

നവീകരണത്തിനായി പൊളിച്ചതിനാൽ എംഎൻ സ്മാരകത്തിൽനിന്ന് അന്ത്യയാത്രയ്ക്കിറങ്ങാൻ കാനത്തിനായില്ല. ജനറൽ സെക്രട്ടറിയായിരിക്കെ കാനം പണി കഴിപ്പിച്ച എഐടിയുസി സംസ്ഥാന കമ്മിറ്റി ഓഫിസിനായിരുന്നു ആ നിയോഗം. ഇടതുപക്ഷ ഐക്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി നിലയുറപ്പിച്ച നേതാവിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ പാർട്ടിയും പക്ഷവും നോക്കാതെ തലസ്ഥാനത്തെ നേതൃനിര ഒഴുകിയെത്തി. ആദ്യമെത്തി കാത്തിരുന്നവരിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനുമുണ്ടായിരുന്നു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ പ്രവർത്തകരും നേതാക്കളും അനുഗമിക്കുന്നു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ പ്രവർത്തകരും നേതാക്കളും അനുഗമിക്കുന്നു.

നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു പ്രത്യേക വിമാനത്തിലാണു രാവിലെ പത്തേകാലോടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, ബിനോയ് വിശ്വം എംപി, കാനത്തിന്റെ മകൻ സന്ദീപ് എന്നിവർ വിമാനത്തിൽ അനുഗമിച്ചു. 

പന്ന്യൻ രവീന്ദ്രനും കെ.പ്രകാശ് ബാബുവുമടക്കമുള്ള നേതാക്കൾ വിമാനത്താവളത്തിൽ ഏറ്റുവാങ്ങിയ മൃതദേഹം അനേകം വാഹനങ്ങളുടെ അകമ്പടിയിലാണു പട്ടത്തെ പിഎസ് സ്മാരകത്തിലെത്തിച്ചത്. 3 മണിക്കൂർ പൊതുദർശനം. രണ്ടേകാലോടെ കെഎസ്ആർടിസി ബസിൽ എംസി റോഡിലേക്കിറങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി എംസി റോഡിലെ ഇരുപതോളം കേന്ദ്രങ്ങളിൽ പൊതുദർശനം.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി, ചീഫ് സെക്രട്ടറി ഡോ. വി.വേണു എന്നിവർ പട്ടത്തെ എഐടിയുസി ഓഫിസിലെത്തി അന്തിമോപചാരമർപ്പിച്ചു.

English Summary:

Kerala pays homage to CPI state secretary Kanam Rajendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com