സാമ്പത്തിക അടിയന്തരാവസ്ഥ: ഗവർണർ വിശദീകരണം തേടിയത് 12 വിഷയങ്ങളിൽ
Mail This Article
തിരുവനന്തപുരം∙ സാമ്പത്തിക അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ടു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോട് ആവശ്യപ്പെട്ടത് 12 വിഷയങ്ങളിലെ വിശദീകരണം.
ഗവർണർക്കു ലഭിക്കുന്ന പരാതികൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താൻ അയച്ചുകൊടുക്കുന്നതു പതിവാണ്. എന്നാൽ സാമ്പത്തിക അടിയന്തരാവസ്ഥ ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിവേദനത്തിന്റെ ഗൗരവം വ്യക്തമാക്കുന്ന കത്താണു ചീഫ് സെക്രട്ടറിക്കു രാജ്ഭവൻ അഡീഷനൽ ചീഫ് സെക്രട്ടറി അയച്ചത്.
8 പേജുള്ള നിവേദനത്തിൽ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്ന 12 കാര്യങ്ങൾ പറയുന്നുണ്ട്. ഇതിലെല്ലാം ഗവർണർ വിശദീകരണം തേടിയിട്ടുമുണ്ട്.
ചീഫ് സെക്രട്ടറിക്കു മുന്നിൽ 4 സാധ്യതകളാണുള്ളത്– 1. മറുപടി നൽകാതിരിക്കുക, 2. മറുപടി പരമാവധി വൈകിക്കുക. 3. ഹൈക്കോടതിയിൽ പറഞ്ഞതു സത്യമാണെന്നു സമ്മതിക്കുക 4. കേന്ദ്ര അവഗണനയാണ് സാമ്പത്തിക പ്രതിസന്ധിക്കു കാരണം എന്നു മറുപടി നൽകുക.
അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറിക്ക് ഗവർണറുടെ കത്ത് അവഗണിക്കാനോ മറുപടി വൈകിക്കാനോ പരിമിതിയുണ്ട്. ഹൈക്കോടതിയിലെ സത്യവാങ്‍മൂലത്തിനു വിരുദ്ധമായി വിശദീകരണം നൽകാനും ബുദ്ധിമുട്ടാണ്. കേന്ദ്ര അവഗണന മൂലമാണ് പ്രതിസന്ധി എന്നു മറുപടി നൽകിയാൽ കാര്യകാരണ സഹിതം വിശദീകരിക്കേണ്ടി വരും.
കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും നൽകാനുള്ള ബാധ്യത സർക്കാർ ഏറ്റെടുത്താൽ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലെ ബാധ്യതയും ഭാവിയിൽ സർക്കാരിനു മേൽ വരും എന്നതിനാലാണ് കോടതിയിൽ സത്യവാങ്‌മൂലം നൽകിയത് എന്നാണ് സിപിഎം കേന്ദ്രങ്ങളുടെ വാദം. എന്നാൽ നിക്ഷേപങ്ങൾക്കു സംസ്ഥാന സർക്കാർ ഗാരന്റി നൽകുന്ന കെടിഡിഎഫ്സിയുമായി ബന്ധപ്പെട്ട കേസിലാണ് സർക്കാരിന്റെ ദയനീയ ധനസ്ഥിതി സംബന്ധിച്ചു ചീഫ് സെക്രട്ടറി സത്യവാങ്മൂലം നൽകിയത്.