മെഡിസെപ് ക്ലെയിം 1,000 കോടി കടന്നു; പ്രീമിയം തുക കൂട്ടി നഷ്ടം നികത്തണമെന്ന് ഇൻഷുറൻസ് കമ്പനി

Mail This Article
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിലെ ക്ലെയിം തുക 1,000 കോടി രൂപ കവിഞ്ഞു. 3 വർഷത്തേക്കാണ് ഇൻഷുറൻസ് കമ്പനി സർക്കാരുമായി കരാർ ഒപ്പിട്ടത്. ഓരോ വർഷവും 500 കോടി രൂപയാണ് ഇൻഷുറൻസ് കമ്പനിക്കു സർക്കാർ നൽകുക. ഒരു വർഷവും 4 മാസവും ആയപ്പോൾത്തന്നെ ക്ലെയിം തുക പ്രതീക്ഷിച്ചതിനെക്കാൾ വളരെ ഉയർന്നതിനാൽ പദ്ധതി തങ്ങൾക്കു നഷ്ടക്കച്ചവടമാണെന്ന് ഇൻഷുറൻസ് കമ്പനി നേരത്തേ സർക്കാരിനെ അറിയിച്ചിരുന്നു.
ക്ലെയിം വൻ തോതിൽ ഉയരുന്നതിനാൽ പ്രീമിയം തുക വർധിപ്പിക്കണമെന്നു കമ്പനി വീണ്ടും ആവശ്യപ്പെടും. നിലവിൽ 500 രൂപയാണു പ്രതിമാസ പ്രീമിയം തുക. ഇത് 550 ആക്കണമെന്നാണ് ആവശ്യമെങ്കിലും സർക്കാർ തൽക്കാലം തീരുമാനമെടുക്കാൻ സാധ്യതയില്ല. 675 കോടിയോളം രൂപയാണു സർക്കാരിനു പ്രീമിയം തുകയായി ഓരോ വർഷവും ജീവനക്കാരിൽനിന്നും പെൻഷൻകാരിൽനിന്നുമായി ലഭിക്കുന്നത്.
പദ്ധതി 14 മാസം പിന്നിട്ടപ്പോൾ 4.69 ലക്ഷം ക്ലെയിമുകളിലായി 1,023 കോടി രൂപയാണ് ഇൻഷുറൻസ് കമ്പനിയോട് ആശുപത്രികൾ ആവശ്യപ്പെട്ടത്. ഇതിൽ 990 കോടി രൂപ വിതരണം ചെയ്തു. സ്വീകരിച്ച ക്ലെയിമുകളിൽ 37,943 എണ്ണം മാത്രമാണു സർക്കാർ ആശുപത്രികളിൽനിന്ന് എത്തിയത്. 4.31 ലക്ഷം ക്ലെയിമുകളും സ്വകാര്യ ആശുപത്രികളിൽ നിന്നാണ്. 2048 പേർക്ക് അവയവം മാറ്റിവയ്ക്കാൻ 40.73 കോടി രൂപയും പദ്ധതിയിലൂടെ നൽകി. മെഡിസെപ് പദ്ധതിയിൽ 30.26 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. ഇതിൽ അംഗങ്ങൾ 11.26 ലക്ഷവും ആശ്രിതർ 19 ലക്ഷവുമാണ്.