ADVERTISEMENT

തിരുവനന്തപുരം∙രണ്ടാഴ്ചയ്ക്കുള്ളിൽ വരവുചെലവു കണക്കുകൾ പുറത്തുവിടുമെന്നു പ്രഖ്യാപിച്ച് കേരളപ്പിറവിക്കു തലസ്ഥാനത്തു സംഘടിപ്പിച്ച ‘കേരളീയം’ മേളയുടെ കണക്ക് ഒരു മാസമായിട്ടും സർക്കാർ ലഭ്യമാക്കുന്നില്ല. വിവിധ വകുപ്പുകളോടു വിവരാവകാശ നിയമപ്രകാരം കണക്ക് ആവശ്യപ്പെട്ടപ്പോൾ പബ്ലിക് റിലേഷൻസ് വകുപ്പും (പിആർഡി) പൊതുഭരണ വകുപ്പും മാത്രമാണ് വ്യക്തമായ മറുപടി നൽകിയത്. മറ്റു പല വകുപ്പുകളും വിവരം ലഭ്യമല്ലെന്നറിയിച്ച് ഒഴിഞ്ഞു. 

സർക്കാരിനു സാമ്പത്തിക ബാധ്യത കുറവാണെന്നും സ്പോൺസർഷിപ്പിലൂടെയാണു പല പരിപാടികളും സംഘടിപ്പിച്ചതെന്നും മന്ത്രിമാർ അവകാശപ്പെട്ടെങ്കിലും സ്പോൺസർഷിപ്പിന്റെ കണക്കു ചോദിച്ചപ്പോൾ ‘ഇല്ല’ എന്നാണുത്തരം.

നവംബർ 1 മുതൽ 7 വരെ നടന്ന മേളയ്ക്കായുള്ള പിരിവിനെക്കുറിച്ചു പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ കണക്കുകൾ അറിയിക്കുമെന്നാണു സംഘാടകസമിതി ചെയർമാനായ മന്ത്രി വി.ശിവൻകുട്ടി നവംബർ 6 നു വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്. ‘കേരളീയം’ കഴിഞ്ഞ് അതിന്റെ നേട്ടങ്ങൾ വിവരിക്കാൻ മുഖ്യമന്ത്രി വിളിച്ച വാർത്താസമ്മേളനത്തിലും കണക്കു വെളിപ്പെടുത്തിയില്ല. 

27.12 കോടി രൂപയാണു ബജറ്റ് നിശ്ചയിച്ചതെന്നും ബാക്കി സ്പോൺസർഷിപ്പിലൂടെ കണ്ടെത്തിയെന്നുമാണു സർക്കാർ പരസ്യമായി പറയുന്ന കണക്ക്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടു മന്ത്രിമാരുടെ നേതൃത്വത്തിൽ 25 സെമിനാറുകളാണു സംഘടിപ്പിച്ചത്. ഇതിന്റെ ചെലവും സ്പോൺസർഷിപ്പിലൂടെയായിരുന്നു.

പ്രദർശനങ്ങൾ, ഇൻസ്റ്റലേഷനുകൾ എന്നിവയ്ക്കും അനുബന്ധ പരിപാടികൾക്കുമായി 4.83 കോടി രൂപ ചെലവിട്ടെന്നു പബ്ലിക് റിലേഷൻസ് വകുപ്പു വ്യക്തമാക്കി. മീഡിയ പബ്ലിസിറ്റി കമ്മിറ്റിയുടെ നിർദേശപ്രകാരം സംഘടിപ്പിച്ച പരിപാടികളുടെ ബില്ലുകൾ ലഭിക്കുന്നതേയുള്ളൂവെന്നും കിട്ടുന്ന മുറയ്ക്ക് കണക്കുകൾ നൽകാമെന്നും അവർ വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിൽ പറഞ്ഞു.

അതിഥികൾ, കലാപ്രവർത്തകർ, ട്രേഡ് ഫെയറിന് എത്തിയവർ, പ്രമുഖ ഷെഫുകൾ എന്നിവരുടെ താമസ സൗകര്യത്തിനായി 65.14 ലക്ഷം രൂപ ചെലവായെന്നു പൊതുഭരണ വകുപ്പ് അറിയിച്ചു.

ഈ ചോദ്യങ്ങൾക്ക് മറുപടിയില്ലേ 

∙ ആകെ എത്ര തുക അനുവദിച്ചു ?

∙സ്പോൺസർമാരിലൂടെ എത്ര തുക പിരിച്ചു ?

∙ എത്ര സ്പോൺസർമാർ ?

∙ ഇതിൽ വ്യക്തികളും സ്ഥാപനങ്ങളും എത്ര ?

∙ പിരിഞ്ഞുകിട്ടാനുള്ള പണം എത്ര ?

വിവിധ വകുപ്പുകളുടെ ഉത്തരങ്ങൾ ഇങ്ങനെ

ധനവകുപ്പ്: അന്തിമ കണക്കുകൾ ലഭ്യമായിട്ടില്ല.

സാംസ്കാരിക, കായിക വകുപ്പുകൾ: അപേക്ഷ 

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കു കൈമാറി.

നികുതി, വ്യവസായ വകുപ്പുകൾ: വിവരങ്ങൾ ലഭ്യമല്ല.

വിനോദസഞ്ചാര വകുപ്പ്: 27,12,04,575 രൂപയുടെ ബജറ്റിന് 

അംഗീകാരം നൽകി. പിരിച്ചെടുത്ത തുകയെക്കുറിച്ചുള്ള 

വിവരങ്ങൾ ലഭ്യമല്ല.

English Summary:

Kerala Government fails to provide Keraleeyam Accounts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com