‘ഇതു നാടകക്കാരുടെ തീർഥാടനം; മുതിർന്നവരെ തിരുത്തി, പുതിയ സ്വപ്നങ്ങൾ കാണുന്ന കുട്ടികൾ’

Mail This Article
കൊല്ലം ∙ സ്കൂൾ കലോത്സവം കേരളത്തിലെ നാടക പ്രവർത്തകരുടെ തീർഥാടന കാലമാണെന്നു നാടക–ചലച്ചിത്ര നടൻ രാജേഷ് ശർമ. കേരളത്തിലെമ്പാടുമുള്ള നാടകബന്ധുക്കളുടെ സംഗമകേന്ദ്രമാണ് ഇപ്പോൾ കൊല്ലം. നാടകക്കാരെയെല്ലാം ഒരുമിച്ചു കാണാൻ പറ്റുന്നതിന്റെ സന്തോഷത്തിലാണെന്നും രണ്ടാം വേദിയായ ഒ.മാധവൻ സ്മൃതിയിലെ മരത്തണലിലിരുന്നു നാട്ടുകാരനായ രാജേഷ് ശർമ ‘മനോരമ ഓൺലൈനോടു’ പറഞ്ഞു.
‘‘നാടകത്തിന്റെ ഈറ്റില്ലമാണു കൊല്ലം. നാടകവുമായി കൊല്ലത്തിന് അത്രയേറെ ബന്ധമാണ്. ഇവിടുത്തെ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ നാടക പാരമ്പര്യമുള്ളവരാണ്. ജില്ലയിലോടുന്ന ബസുകൾക്കും നാടകചരിത്രമുണ്ട്. ഇവിടെയുള്ള ഓരോ കുടുംബത്തിന്റെയും മനുഷ്യരുടെയും വേരുകൾ അന്വേഷിച്ചാൽ നാടകവുമായുള്ള അടുപ്പം കണ്ടെത്താനാകും. ജില്ലയിലെ എംഎൽഎമാർക്കുമുണ്ട് നാടകബന്ധം. എം.മുകേഷ്, പി.സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ് തുടങ്ങിയവർക്കു നാടകവുമായുള്ള അടുപ്പം ഏവർക്കും അറിയാവുന്നതാണല്ലോ.
‘‘രാഷ്ട്രീയം ഉൾപ്പെടെയുള്ള എല്ലാ മേഖലയിലും നാടകബന്ധം കാണാനാകും. കെട്ടിലും മട്ടിലുമെല്ലാം നാടകങ്ങൾ മാറിയിട്ടുണ്ട്. പരീക്ഷണങ്ങൾ വ്യാപകമായി. വലിയ നാടകങ്ങൾ വരുന്നുണ്ട്. കുട്ടികളേക്കാൾ കൂടുതലായി മുതിർന്ന നാടക പ്രവർത്തകരാണ് ഇവിടെ കാണികളായി എത്തുന്നതെന്നു പറഞ്ഞാലും അതിശയോക്തിയില്ല. ഞങ്ങൾക്ക് ഇതൊരു തീർഥാടനമാണ്. കൊല്ലത്തെ കലോത്സവം കഴിഞ്ഞാൽ തൃശൂരിൽ നടക്കുന്ന രാജ്യാന്തര നാടകോത്സവത്തിലേക്ക് എല്ലാവരും എത്തും. വൈവിധ്യമുള്ള നാടകങ്ങൾ കാണാമെന്നതാണു കലോത്സവത്തിന്റെ പ്രത്യേകത. ആശയത്തിലും അവതരണത്തിലും പുതുമയുണ്ട്.
‘‘താരതമ്യേന ഉയർന്ന രാഷ്ട്രീയചിന്തകളാണു ഹയർ സെക്കൻഡറി വിഭാഗക്കാരുടെ നാടകങ്ങളിൽ കാണാനാവുക. അതിനേക്കാൾ വ്യത്യസ്തമായ ഊർജമായിരിക്കും ഹൈസ്കൂൾ വിഭാഗക്കാർക്ക്. 14 ജില്ലകളിൽനിന്നുള്ള വ്യത്യസ്തതരം നാടകങ്ങൾ കണ്ടനുഭവിക്കാം. ഒരേ വിഷയം തന്നെയാണെങ്കിലും വൈവിധ്യത്തോടെ അവതരിപ്പിക്കുന്നതിനും കലോത്സവവേദി സാക്ഷിയാകും. സിനിമ വേറെ മേഖലയാണെങ്കിലും അതിനേക്കാളേറെ ജൈവികത നാടകത്തിലുണ്ട്. നാലു ചുവരുകൾക്കുള്ളിൽ അനാവൃതമാകുന്ന ദൃശ്യാവിഷ്കാരമാണു നാടകം. സമൂഹത്തിൽ ചർച്ചയാവേണ്ട പല വിഷയങ്ങളും മറ്റു കലകളേക്കാൾ മികവോടെ നാടകത്തിൽ അവതരിപ്പിക്കാറുണ്ട്.
‘‘നിലവിലെ രീതികളെ പൊളിച്ചു കളയുന്ന നാടകങ്ങളും കുട്ടികളുടെ അരങ്ങുകളിൽ കണ്ടെത്താം. കലയ്ക്കു മുകളിലായുള്ള മത്സരത്തിന്റെ ചില ഘടകങ്ങൾ ഒഴിവാക്കേണ്ടതാണ്. അങ്ങനെ ആഗ്രഹിക്കാനെ നമുക്കു പറ്റൂ. കാരണം, ഇതൊരു മത്സര ഇനം കൂടിയാണല്ലോ. നാടകങ്ങൾ അവതരണങ്ങളായി മാറുന്നതാണു എനിക്കിഷ്ടം. കലോത്സവത്തിനൊരു ലക്ഷ്യമുണ്ട്; അത് ഇടയ്ക്കിടെ മറഞ്ഞു പോയിട്ടുണ്ടെങ്കിലും ഓർമിക്കുകയാണ്. കുട്ടികളുടെ വ്യക്തിത്വ വികസനമാണ് അതിൽ മുഖ്യം. പാഠപുസ്തകത്തിനും ക്ലാസ് മുറിക്കും അപ്പുറം വിശാലമായ ആശയങ്ങളിലേക്കുള്ള കവാടമാണു കല. സമൂഹത്തെയും മനുഷ്യത്വത്തെപ്പറ്റിയും അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നതു കലകളാണ്. വ്യത്യസ്ത മനുഷ്യരെ ഒരുമിച്ചിരുത്തി ചിലതു പറയുമ്പോൾ അതു കുട്ടിയിലുണ്ടാക്കുന്ന മാറ്റം ചെറുതല്ല.
‘‘കുട്ടികളിൽ മാനസികമായി വലിയ വളർച്ചയാണു സംഭവിക്കുന്നത്. മുന്നോട്ടുള്ള ജീവിതത്തെതന്നെ ഗുണപ്രദമായി സ്വാധീനിക്കുന്നു. ഒരിക്കലെങ്കിലും നാടകത്തിന്റെ ഭാഗമായിട്ടുള്ള ഒരാളും അതില്ലാത്തയാളും തമ്മിലുള്ള ജീവിതം താരതമ്യം ചെയ്താൽ ഇതറിയാം. പ്രേക്ഷകരുടെ കാഴ്ചപ്പാടും പങ്കാളിത്തവും നാടകത്തിനു പ്രധാനമാണ്. നാടകം ഒഴിവാക്കി കൊല്ലത്തിനൊരു കഥ പറയാനാകില്ല. പ്രഫഷണൽ നാടകങ്ങൾക്കു കച്ചവട സ്വഭാവമുണ്ട്. പരീക്ഷണ നാടകങ്ങളും കേരളത്തിൽ കൂടുതലായി സംഭവിക്കുന്നു. മുൻപേ നടക്കുന്നവരാണു പുതുതലമുറ. പഴയ തലമുറയെ പിന്നിലാക്കി, പുതിയ സ്വപ്നങ്ങളുമായി മുന്നിൽ നടക്കുന്ന പുതുതലമുറ കലയിൽ മാത്രം സംഭവിക്കുന്നതാണ്. നിങ്ങൾ കണ്ട സ്വപ്നമല്ല ഞങ്ങളുടേത് എന്നു കുട്ടികൾ പറയുമ്പോൾ, ആ മാറ്റങ്ങളെ അംഗീകരിക്കണം.’’– രാജേഷ് അഭിപ്രായപ്പെട്ടു.
വർത്തമാനത്തിൽ പങ്കുചേർന്ന നാടക സംവിധായകൻ ഗിരീഷ് പിസി പാലം, രാജേഷിനെ ആലിംഗനം ചെയ്തു സൗഹൃദം പുതുക്കി. ഹയർ സെക്കൻഡറി വിഭാഗത്തിൽ വയനാട് കൽപ്പറ്റ എൻഎസ്എസ് എച്ച്എസ്എസ് അവതരിപ്പിച്ച ‘ഭഗവന്തി’ നാടകത്തിന്റെ സംവിധായകൻ ഗിരീഷാണ്. ‘‘മണിപ്പുർ കലാപത്തിന്റെ സങ്കടക്കാഴ്ചകളും പ്രതിഷേധവുമാണു ഭഗവന്തിയുടെ പശ്ചാത്തലം. എം.മുകുന്ദന്റെ ‘ഒരു ദലിത് യുവതിയുടെ കദനകഥ’ എന്ന നോവലിന്റെ നാടകാവിഷ്കാരമാണിത്. നഗ്നയാക്കപ്പെട്ട സ്ത്രീയോടു സമൂഹം പുലർത്തുന്ന കൊള്ളരുതായ്മകൾ കുട്ടികൾ ഉറക്കെ പറയുകയാണ്. നാടകത്തിന്റെ ഭാഗമായതോടെ ഇത്തരം വിഷയങ്ങളിൽ പ്രതിഷേധമുള്ളവരായി അഭിനേതാക്കൾ മാറി.’’– ഗിരീഷ് പറഞ്ഞു.