ADVERTISEMENT

കൊല്ലം ∙ ചിത്ര കലയിൽ മിന്നും താരമായി മാനസമീര.  ഹൈസ്കൂൾ ചിത്ര രചനാ മത്സരത്തിലെ പെൻസിൽ ഡ്രോയിങ്, ജലച്ചായം, ഓയിൽ പെയ്ന്റിങ് എന്നിവയിൽ  ഹാട്രിക് എ ഗ്രേഡുമായിട്ടാണ് മാനസമീര കൊല്ലത്തു നിന്ന് മടങ്ങിയത്.  ഹരിപ്പാട് ഗവ.ഗേൾസ് ഹയർ സെക്കൻഡറി  സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. 

മാനസമീര
മാനസമീര

കേന്ദ്ര ഊർജ മന്ത്രാലയം നടത്തിയ മത്സരത്തിലെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏക പുരസ്കാര ജേതാവാണ്.  ഡിസംബറിൽ  പുരസ്കാരം സ്വീകരിക്കുന്നതി നൊപ്പം രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് സംസാരിക്കാനും അവസരം കിട്ടിയിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛൻ മുരുകനും  വരയ്ക്കാറുണ്ട്. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി ജയകുമാരിയും മകൾക്ക് പിന്തുണയുമായി ഒപ്പമുണ്ട്. ഈ മാസം അവസാനം കുടുംബമായി ഐഎസ്ആർഒ സന്ദർശിക്കാനും ക്ഷണം കിട്ടിയിട്ടുണ്ട്.
മിടുക്കിച്ചിരി
∙ സങ്കടക്കാടുകളേറെ കടന്നാണ് അർച്ചന ബിജു എച്ച്എസ്എസ് വിഭാഗം മോഹിനിയാട്ടത്തിലും ഓട്ടൻതുള്ളലിലും എ ഗ്രേഡ് നേടിയത്. ഇടുക്കി കടശിക്കടവിലെ ഏലത്തോട്ടത്തൊഴിലാളികളുടെ മകളായ അർച്ചന പഠനത്തിനൊപ്പം ടൂറിസ്റ്റ് കേന്ദ്രങ്ങളിലും റിസോർട്ടുകളിലും നൃത്തം ചെയ്താണ് ജീവിതച്ചുവടുകളാടുന്നത്.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ്എസ് വിഭാഗം മോഹിനിയാട്ടം, ഓട്ടൻതുള്ളൽ എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ പീരുമേട് സിപിഎംജിഎച്ച്എസ്എസിലെ അർച്ചന ബിജു ചമയത്തിനിടെ.ചിത്രം:ഹരിലാൽ∙മനോരമ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ്എസ് വിഭാഗം മോഹിനിയാട്ടം, ഓട്ടൻതുള്ളൽ എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ പീരുമേട് സിപിഎംജിഎച്ച്എസ്എസിലെ അർച്ചന ബിജു ചമയത്തിനിടെ.ചിത്രം:ഹരിലാൽ∙മനോരമ

രാപകൽ ഏലത്തോട്ടത്തിൽ ജോലി ചെയ്തിട്ടും  അച്ഛൻ സി.പി ബിജുമോനും അമ്മ വിജയമ്മ ബിജുവിനും മകളുടെ നൃത്തച്ചെലവുകൾക്ക് താങ്ങാകാൻ കഴിയാതെ വന്നതോടെയാണ് നൃത്തം തന്നെ ഉപജീവനമാർഗമാക്കി ഈ കൊച്ചുമിടുക്കി പിടിച്ചുനിന്നത്.വിദേശ സഞ്ചാരികൾക്ക് മുന്നിൽ ഓട്ടൻതുള്ളലും കേരളനടനവും മോഹിനിയാട്ടവും ഉൾപ്പെടെ കേരളത്തിന്റെ തനതു കലകൾ തനിമയോടെ അവതരിപ്പിച്ച് നൃത്തമേഖലയിൽ താരമായി. ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകളെ അനുഗ്രഹമാക്കി നൃത്തവിദ്യാലയത്തിലെ അധ്യാപകർക്കും കൂട്ടുകാർക്കുമൊപ്പം അവൾ നൃത്തത്തിലും ജീവിതത്തിലും ‘ഉറച്ചുനിന്നു’.

ഹയർ സെക്കൻഡറി വിഭാഗം നാടകത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ആർദ്ര.വി മേനോൻ നടൻ യദുകൃഷ്ണ റാം
ഹയർ സെക്കൻഡറി വിഭാഗം നാടകത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ആർദ്ര.വി മേനോൻ നടൻ യദുകൃഷ്ണ റാം

 ഗുരു ശാന്ത മേനോൻ മുതൽ  പണമൊന്നും വാങ്ങാതെ  ചമയമിട്ടു നൽകിയവരും അരലക്ഷത്തിലേറെ രൂപ പിരിച്ചുനൽകി സഹായിച്ചിരുന്നു.പീരുമേട്, സിപിഎംജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയാണ് അർച്ചന. 
താരച്ചിരി 
∙ മഞ്ജു വാരിയരുടെ കഥാപാത്രത്തിന്റെ കുട്ടിക്കാലം ‘ഒടിയൻ’ സിനിമയിൽ അവതരിപ്പിച്ച അങ്കിത അനീഷ് ഹയർ സെക്കൻഡറി കുച്ചിപ്പുഡി മത്സരത്തിലെ താരസാന്നിധ്യമായി. ഡബ്സ്മാഷിലൂടെ മഞ്ജു വാരിയരുടെ റോളുകൾ ചെയ്തതോടെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ട് അങ്കിതയ്ക്ക്.

മഞ്ജു വാരിയർക്കൊപ്പം അങ്കിത അനീഷ്.
മഞ്ജു വാരിയർക്കൊപ്പം അങ്കിത അനീഷ്.

മഞ്ജുവിന്റെ പരിശീലക ഗീതാ പത്മകുമാർ തന്നെയാണ്  ഗുരു. കളമശേരി രാജഗിരി എച്ച്എസ്എസ് പ്ലസ്ടു വിദ്യാർഥിയാണ്. മലയാള മനോരമയുടെ ഓൺലൈൻ കലോത്സവം ‘ആട്ടം പാട്ടിൽ’ കലാതിലകമായിരുന്നു. കളമശേരി സ്വദേശി അനീഷ് ജോണിന്റെയും പ്രവീണയുടെയും മകളാണ്. 
ചിരിവരദാനം 
കൊല്ലം∙ ‘‘ ദൈവം എന്റെ മകനു സംഗീതമാണ് നൽകിയിരിക്കുന്നത്. അതിനപ്പുറം അവനൊന്നുമില്ല...’’ പറഞ്ഞുതീരുംമുൻപ് അനിൽകുമാറിന്റെ കണ്ണുനിറഞ്ഞു. ശബ്ദം ഇടറി. 

വരദ് ശ്രീപാർഥസാരഥി
വരദ് ശ്രീപാർഥസാരഥി

ശരിയാണ്. സംഗീതമാണ് വരദ് ശ്രീപാർഥസാരഥിക്കു ജന്മനാ ലഭിച്ച വരദാനം. ഏതെങ്കിലുമൊരു കീർത്തനത്തിന്റെ ഒരു വരി കേൾക്കുമ്പോഴേയ്ക്ക് മൂന്നു നിമിഷത്തിനകം അതേതാണ് രാഗമെന്ന് തിരിച്ചറിഞ്ഞ് പറയുകയാണ് വരദ് ശ്രീപാർഥസാരഥി. ഇങ്ങനെ പെട്ടന്ന് രാഗം തിരിച്ചറിയാൻ ‘എഐ’യ്ക്കു പോലും കഴിയുമോ എന്നു വേണമെങ്കിൽ സംശയിക്കാം. ‘‘ അവൻ സംഗീതത്തിലാണ് എല്ലാ സമയത്തും മുഴുകിയിരിക്കുന്നത്’’ അമ്മ ശ്രീലക്ഷ്മി പറഞ്ഞു. ജനറൽ കാറ്റഗറിയിൽ മത്സരിച്ചാണ് സംസ്ഥാന കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ വരദ് ശ്രീപാർഥസാരഥി എ ഗ്രേഡ് നേടിയത്.  ആലപ്പുഴ എസ്ഡിവി ബോയ്സ് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയുമാണ്. 
കള്ള’ച്ചിരിയുടെ കഥപറഞ്ഞ് നിധ്യ..
നിധ്യ സുധീഷിനെ അറിയൂ..... 2018ൽ നാടിനെ പ്രളയം മൂടിയപ്പോൾ‌ ചെറുസഹായമായി തെരുവോരത്ത് ഒറ്റയാൾ നാടകം അവതരിപ്പിച്ചു കിട്ടിയ പണം പ്രളയ ദുരിതാശ്വാസത്തിനു കൈമാറിയ ഏഴാം ക്ലാസുകാരി. ഇന്നലെ മോണോആക്ട് വേദിയിൽ നിധ്യ എത്തിയത്  മറ്റൊരു സാമൂഹിക വിഷയവുമായിട്ടാണ്.  ചങ്ങമ്പുഴയുടെ രമണ–ചന്ദ്രികമാരിൽ തുടങ്ങി ശീതളപാനീയത്തിൽ വിഷയം നൽകിയ പ്രണയിതാവിനെ കൊലപ്പെടുത്തിയ യുവതിയുടെ കഥ വരെ  വിഷയമാക്കിയായിരുന്നു നിധ്യയുടെ മോണോആക്ട്.

സംസ്ഥാന സ്കൂൾ കലോത്സവം ഹയർ സെക്കൻഡറി വിഭാഗം മോണൊ ആക്റ്റിൽ എ ഗ്രേഡ് നേടിയ കണ്ണൂർ മൊക്കേരി രാജീവ് ഗാന്ധി എച്ച്എസ്എസിലെ നിധ്യ സുധീഷ്.ചിത്രം:വിഘ്‌നേഷ്.വി∙മനോരമ
സംസ്ഥാന സ്കൂൾ കലോത്സവം ഹയർ സെക്കൻഡറി വിഭാഗം മോണൊ ആക്റ്റിൽ എ ഗ്രേഡ് നേടിയ കണ്ണൂർ മൊക്കേരി രാജീവ് ഗാന്ധി എച്ച്എസ്എസിലെ നിധ്യ സുധീഷ്.ചിത്രം:വിഘ്‌നേഷ്.വി∙മനോരമ

കണ്ണൂർ മൊകേരി രാജീവ് ഗാന്ധി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടൂ വിദ്യാർഥിയാണ് . ചൊക്ലി പാത്തിങ്ങൽ ഒളിവിലം സുധീഷിന്റെയും നിഷയുടെയും ഏക മകൾ. ഏഴിൽ പഠിക്കുന്ന കാലത്തായിരുന്നു പ്രളയം.  പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്കായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലിലാണ് ‘കേരളത്തമ്മ’ എന്ന ഒറ്റയാൾ നാടകവുമായി തെരുവിലെത്തിയത്. നാടകാവതരണത്തിലൂടെ ലഭിച്ച ഒന്നേകാൽ ലക്ഷം രൂപ പ്രളയ ദുരിതാശ്വാസത്തിനു കൈമാറി. 

സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ചിരിയോടെ മത്സരം കാണുന്ന കാണികൾ.ചിത്രം∙മനോരമ
സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ചിരിയോടെ മത്സരം കാണുന്ന കാണികൾ.ചിത്രം∙മനോരമ
English Summary:

Kerala School Kalolsavam 2024 Kollam Happiness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com