കോടീശ്വരന്മാർക്കല്ല, സഹകരണ സംഘങ്ങൾ സാധാരണക്കാർക്കുള്ളത്: ഹൈക്കോടതി

Mail This Article
കൊച്ചി ∙ സഹകരണ സംഘങ്ങൾ കോടീശ്വരൻമാർക്കുള്ളതല്ലെന്നും സാധാരണക്കാരുടെ ആവശ്യങ്ങൾക്കുള്ളതാണെന്നും ഹൈക്കോടതി. കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ അന്വേഷണം അനിശ്ചിതമായി നീളാനാവില്ലെന്നും അതു സംവിധാനത്തെത്തന്നെ ബാധിക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സ്വത്തു കണ്ടുകെട്ടിയതും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതും ചോദ്യം ചെയ്ത് കേസിലെ പ്രതി അലി നൽകിയ ഹർജിയാണു പരിഗണിച്ചത്.
പാവപ്പെട്ട ജനങ്ങൾ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം നിക്ഷേപിച്ചിട്ട് അതു നഷ്ടമാകുകയും അവർക്കു വിശ്വാസം നഷ്ടമാകുകയും ചെയ്യുന്ന സാഹചര്യമാണു സഹകരണ സംഘങ്ങളിൽ ഇപ്പോൾ സംഭവിക്കുന്നത്. 15 സെന്റ് ഈടു വച്ചതിന് 7 കോടിയോളം രൂപയാണു വായ്പ നൽകിയിരിക്കുന്നത്. ഇതുകൊണ്ടാണു ജനങ്ങൾക്കു പണം നഷ്ടമാകുന്നത്. പണം തിരിച്ചു ലഭിക്കാതെ ജനങ്ങൾ നെട്ടോട്ടമോടുകയാണ്. കരുവന്നൂർ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നു. ഇതു ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്. ഇ.ഡി. അന്വേഷണം മൂന്നു വർഷമായി നടക്കുകയാണ്. അന്വേഷണം നീളുന്നത് എന്തുകൊണ്ടാണെന്നു കോടതി ചോദിച്ചു. അന്വേഷണം ഏതു ഘട്ടത്തിലാണെന്ന് അറിയിക്കണമെന്നു നിർദേശം നൽകി.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരെ മൊഴി ലഭിച്ചിട്ടുണ്ടെന്നു നേരത്തെ ഇ.ഡി. ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ബാങ്കിൽനിന്നു നിയമവിരുദ്ധമായി വായ്പ അനുവദിക്കാൻ അന്ന് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി. രാജീവ്, മുൻ തൃശൂർ ജില്ലാ സെക്രട്ടറി എ.സി. മൊയ്തീൻ, പാലോളി മുഹമ്മദ് കുട്ടി ഉൾപ്പെടെയുള്ള നേതാക്കളുടെ സമ്മർദമുണ്ടായെന്നു ബാങ്കിന്റെ മുൻ സെക്രട്ടറി ടി.ആർ. സുനിൽ കുമാർ മൊഴി നൽകിയെന്നാണ് ഇ.ഡി. അറിയിച്ചത്.
സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്കു പങ്കുണ്ടെന്നും വൻതോതിലുള്ള കള്ളപ്പണം വെളുപ്പിക്കലാണു നടന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്. വായ്പ 2015ൽ തീർത്തെന്നും എന്നാൽ രേഖകൾ ബാങ്കിൽനിന്നു തിരികെ ലഭിച്ചില്ലെന്നും അതു ദുരുപയോഗം ചെയ്യപ്പെട്ടെന്നുമാണു ഹർജിക്കാരന്റെ വാദം. എന്നാൽ, ഹർജിക്കാരൻ വായ്പയെടുത്തിട്ടു തിരിച്ചടയ്ക്കാത്തതിനെ തുടർന്നു കേസുകൾ നിലവിലുണ്ടെന്നു ബാങ്ക് അറിയിച്ചു. ഇ.ഡി. രണ്ടാഴ്ച സമയം ചോദിച്ചതിനെ തുടർന്നു ഹർജി 16നു പരിഗണിക്കാൻ മാറ്റി.