മുൻമന്ത്രിമാർ പറയുന്നു, എല്ലാം മുഖ്യമന്ത്രി അറിഞ്ഞെന്ന്: സതീശൻ
Mail This Article
പാലക്കാട് ∙ അഴിമതിക്കു പിന്നിൽ ആരെന്നും ലണ്ടനിൽ മണിയടിക്കാൻ പോയതിന്റെ ചേതോവികാരം എന്തെന്നും പുറത്തുവരട്ടെയെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മെഡിക്കൽ സർവീസസ് കോർപറേഷനിലെ അഴിമതി ആരോപണത്തിൽ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും മസാല ബോണ്ടിൽ അന്നത്തെ ധനമന്ത്രി ടി.എം.തോമസ് ഐസക്കും പറയുന്നതു മുഖ്യമന്ത്രി അറിയാതെ ഒന്നും ചെയ്തിട്ടില്ലെന്നാണ്. മസാല ബോണ്ടിൽ മുഖ്യമന്ത്രി ചെയർമാനായ കിഫ്ബിക്കാണ് ഉത്തരവാദിത്തമെന്നും താൻ അതിൽ ഒരാൾ മാത്രമാണെന്നും തോമസ് ഐസക് പറയുന്നു.
യൂത്ത് കോൺഗ്രസുകാരെ മർദിച്ച സംഭവത്തിൽ 2 ഗൺമാൻമാർ പൊലീസിനു മുന്നിൽ ഹാജരാകാതെ മുഖ്യമന്ത്രിയുടെ ഇടതും വലതും നിന്നു നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. കേസ് അട്ടിമറിക്കാൻ ശ്രമിച്ചാൽ വീണ്ടും കോടതിയെ സമീപിക്കും. കൊല്ലത്തു വനിതാ എപിപിയുടെ ആത്മഹത്യാക്കുറിപ്പിലും ശബ്ദസന്ദേശത്തിലും നീതിന്യായ സംവിധാനത്തെ അട്ടിമറിക്കുന്നത് എങ്ങനെയെന്നു വ്യക്തമാക്കുന്നുണ്ട്. ‘ഞങ്ങളുടെ പാർട്ടിയാണ് ഈ സംസ്ഥാനം ഭരിക്കുന്നത്’ എന്ന ഭീഷണി കേരളത്തോടുള്ള വെല്ലുവിളിയാണ്. കോഴിക്കോട് ചക്കിട്ടപ്പാറയിൽ സാമൂഹിക പെൻഷൻ ലഭിക്കാതെ ആത്മഹത്യ ചെയ്ത വയോധികനെതിരെയും പോരിനൊരുങ്ങുകയാണു സിപിഎം നേതാക്കളും സൈബർ സഖാക്കളുമെന്നും അദ്ദേഹം പറഞ്ഞു.