പൂപ്പാറ കൂട്ടബലാത്സംഗം: 3 പ്രതികൾക്ക് 90 വർഷം കഠിനതടവ്

Mail This Article
മൂന്നാർ ∙ ബംഗാൾ സ്വദേശിനിയായ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 3 പ്രതികൾക്കു വിവിധ വകുപ്പുകളിലായി 90 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. കേസിലെ 1 മുതൽ 3 വരെയുള്ള പ്രതികളായ തിരുനെൽവേലി വലവൂർ സ്വദേശി എസ്.സുഗന്ധ് (20), തമിഴ്നാട് ധർമത്തുപട്ടി സ്വദേശി എം.ശിവകുമാർ (21), എസ്റ്റേറ്റ് പൂപ്പാറ ലക്ഷം കോളനിയിൽ പി. സാമുവൽ (ശ്യാം -21) എന്നിവരെ ശിക്ഷിച്ചാണു ദേവികുളം അതിവേഗ പോക്സോ കോടതി ജഡ്ജി പി.എ.സിറാജുദ്ദീൻ വിധി പറഞ്ഞത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ മൂന്നുപേരും 25 വർഷം വീതം കഠിനതടവ് അനുഭവിച്ചാൽ മതി. പിഴത്തുക അതിജീവിതയ്ക്കു നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ 8 മാസം വീതം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്.
പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. കേസിൽ 6 പ്രതികളാണുണ്ടായിരുന്നത്. 4–ാം പ്രതിയായിരുന്ന യുവാവിനെ കഴിഞ്ഞദിവസം വിട്ടയച്ചു. പ്രായപൂർത്തിയാകാത്ത അഞ്ചും ആറും പ്രതികളുടെ കേസ് തൊടുപുഴ ജെജെ കോടതിയുടെ പരിഗണനയിലാണ്.
2022 മേയ് 29ന് ആയിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്നു പൂപ്പാറയിൽ ജോലിക്കെത്തിയതാണു പ്രതികളായ സുഗന്ധും ശിവകുമാറും. പതിനാലുകാരിയും സുഹൃത്തും തേയിലത്തോട്ടത്തിലൂടെ പൂപ്പാറയിലേക്കു നടന്നുവരുന്നതിനിടയിൽ പ്രതികൾ സുഹൃത്തിനെ അടിച്ചവശനാക്കിയ ശേഷം പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണു കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിജു കെ.ദാസ് ഹാജരായി. ശാന്തമ്പാറ പൊലീസാണു കേസന്വേഷിച്ചത്.
അതിജീവിത നാട്ടിലേക്ക് മടങ്ങി
2022ൽ പൂപ്പാറയിൽ പീഡിപ്പിക്കപ്പെട്ട ബംഗാൾ സ്വദേശിനി സംഭവശേഷം കുടുംബത്തോടൊപ്പം ജന്മനാട്ടിലേക്കു മടങ്ങിയിരുന്നു. പ്രതികൾ അറസ്റ്റിലായശേഷം തിരിച്ചറിയൽ പരേഡിനെത്തിയ അതിജീവിതയും കുടുംബവും പിന്നീടു കോടതിയിൽ സാക്ഷി പറയാനും എത്തിയിരുന്നു.