വ്യാജസർട്ടിഫിക്കറ്റ് കേസ്: മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാൾ തമിഴ്നാട്ടിൽ പിടിയിൽ

Mail This Article
ആലപ്പുഴ∙ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് എംകോം പ്രവേശനത്തിനായി ഉപയോഗിച്ച വ്യാജ ബികോം സർട്ടിഫിക്കറ്റ് നിർമിച്ച കേസിൽ മുഖ്യപ്രതിയെന്നു കരുതുന്നയാൾ സമാനമായ മറ്റൊരു കേസിൽ തമിഴ്നാട് പൊലീസിന്റെ പിടിയിൽ. ചെന്നൈ സ്വദേശി മജീഷാണു പിടിയിലായത്. ഇയാളുടെ പക്കൽ നിന്നു കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റുകളും ഇത് അച്ചടിക്കാൻ ഉപയോഗിച്ച പ്രിന്ററുകളും കണ്ടെത്തിയിട്ടുണ്ട്.
നിഖിൽ തോമസിനു വ്യാജസർട്ടിഫിക്കറ്റ് നൽകിയ കേസിൽ അറസ്റ്റിലായ തമിഴ്നാട് സ്വദേശി നാഗരാജിനു സർട്ടിഫിക്കറ്റ് നൽകിയതു താനാണെന്ന് ഇയാൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ടെന്നാണു വിവരം. ഇയാളെ കസ്റ്റഡിയിൽ വാങ്ങാനായി കായംകുളം പൊലീസ് അടുത്ത ദിവസം കോടതിയിൽ അപേക്ഷ നൽകും.
എസ്എഫ്ഐ കായംകുളം ഏരിയ സെക്രട്ടറിയായിരുന്ന നിഖിൽ തോമസ് 2022 ജനുവരിയിലാണു കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു കായംകുളം എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയത്. ഡിഗ്രി തോറ്റ നിഖിൽ കോളജിൽ സമർപ്പിച്ച ബികോം സർട്ടിഫിക്കറ്റ് വ്യാജമാണെന്നു കണ്ടെത്തുകയും കേസിൽ 5 പ്രതികളെ പിടികൂടുകയും ചെയ്തെങ്കിലും വ്യാജസർട്ടിഫിക്കറ്റിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.