ADVERTISEMENT

തിരുവനന്തപുരം ∙ കവടിയാറിൽ 25 കോടി രൂപ ചെലവിൽ നിർമിക്കുന്ന റവന്യു വകുപ്പിന്റെ ആസ്ഥാന മന്ദിരമായ റവന്യു ഭവന്റെ നിർമാണക്കരാറും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റേഴ്സ് സൊസൈറ്റിക്ക്. അക്രഡിറ്റഡ് ഏജൻസി എന്ന പരിഗണനയിൽ ടെൻഡർ ഇല്ലാതെയാണു കരാർ നൽകിയത്. ഊരാളുങ്കലിനു കരാർ നൽകിയതിനും, അവർ തയാറാക്കിയ ഡിപിആറിനു സാങ്കേതിക അനുമതി നൽകുന്ന കമ്മിറ്റിയിൽ അവരുടെ പ്രതിനിധിയെ കൺവീനറാക്കിയതിനുമെതിരെ പ്രതിപക്ഷം രംഗത്തെത്തി. നിയമസഭയിൽ ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക്, 2021ലെ ധനകാര്യവകുപ്പിന്റെ ഉത്തരവ് അടിസ്ഥാനപ്പെടുത്തിയാണു തീരുമാനമെന്നു മന്ത്രി കെ.രാജൻ വിശദീകരിച്ചു.

ഡിപിആർ തയാറാക്കുകയും പ്രവൃത്തി നേരിട്ടു നടത്തുകയും ചെയ്യുന്ന നോൺ പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റൻസി (നോൺ പിഎംസി) വിഭാഗത്തിലാണു നിർമിതി കേന്ദ്രം, കോസ്റ്റ്ഫോഡ്, ഹാബിറ്റാറ്റ് എന്നിവയ്ക്കൊപ്പം ഊരാളുങ്കലിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. അഞ്ചു കോടി രൂപയിലധികം എസ്റ്റിമേറ്റുള്ള നിർമാണ പ്രവൃത്തി ചെയ്യുമ്പോഴും, സർക്കാർ വകുപ്പിനു വേണ്ടത്ര സാങ്കേതിക വിദഗ്ധർ ഇല്ലാതെ വരുമ്പോഴും വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സാങ്കേതിക സമിതി രൂപീകരിക്കണമെന്നു 2021 ഏപ്രിൽ ധനവകുപ്പ് ഇറക്കിയ ഉത്തരവിലുണ്ട്. നിർമാണ പ്രവൃത്തി ഏൽപിക്കുന്നതു നോൺ പിഎംസികളെയാണെങ്കിൽ ഇത്തരം സമിതികളുടെ കൺവീനർ സ്ഥാനം ഈ സ്ഥാപനങ്ങളുടെ ജനറൽ മാനേജർക്കു നൽകണമെന്നും ഉത്തരവിൽ പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഊരാളുങ്കലിന്റെ അസി.ജനറൽ മാനേജരെ റവന്യു ഭവന്റെ സാങ്കേതിക സമിതി കൺവീനറാക്കിയതെന്നാണു മന്ത്രിയുടെ വിശദീകരണം. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ചെയർപഴ്സനായ കമ്മിറ്റിയിൽ ഹൗസിങ് ബോർഡ് ചീഫ് എൻജിനീയർ, റിട്ട.എക്സിക്യൂട്ടീവ് എൻജിനീയർ, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ, കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർ അംഗങ്ങളാണ്. ഊരാളുങ്കലിനു പ്രവൃത്തി നൽകിയതിനു പുറമേ, അവർ സമർപ്പിച്ച ഡിപിആർ പരിശോധിക്കുന്ന സമിതിയുടെ കൺവീനറായി അവരെത്തന്നെ വച്ചതിനെയാണു ഷാഫി പറമ്പിൽ, ഐ.സി.ബാലകൃഷ്ണൻ, സി.ആർ.മഹേഷ്, ചാണ്ടി ഉമ്മൻ തുടങ്ങിയവർ ചോദ്യം ചെയ്തത്. തീരുമാനം പുനഃപരിശോധിക്കില്ലെന്നു മന്ത്രി വ്യക്തമാക്കി.

English Summary:

Uralungal society got the contract for construction of Revenue Bhawan in Kavadiyar

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com