രോഗനിർണയം പാളി; ഗുരുതര രോഗം ഇല്ലെന്ന് കെ.സുധാകരൻ
Mail This Article
തിരുവനന്തപുരം ∙ ഇതുവരെ ചികിത്സ തേടിയിരുന്ന ‘മയസ്തീനിയ ഗ്രാവിസ്’ എന്ന പേശികളെ ബാധിക്കുന്ന ഗുരുതര രോഗം തനിക്കില്ലെന്നു അമേരിക്കയിലെ മേയോ ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മനോരമ ഓൺലൈൻ ‘ക്രോസ് ഫയറിലാണ്’ യുഎസിൽ നിന്നു തിരിച്ചെത്തിയ സുധാകരൻ ഇതു വെളിപ്പെടുത്തിയത്.
പേശികൾ ദുർബലമാകുന്ന ‘മയസ്തീനിയ ഗ്രാവിസി’ന് ഒരു വർഷത്തിലേറെയായി താൻ ചികിത്സയിലായിരുന്നുവെന്നു സുധാകരൻ പറഞ്ഞു. അപൂർവമായ ഈ രോഗം ബാധിച്ചതിന്റെ വിഷമം ഉണ്ടായിരുന്നു. പക്ഷേ ആ രോഗനിർണയം പാളിയെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ.
രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണ് മേയോ ക്ലിനിക്കിൽ പോയത്. അവിടെ ‘മസിൽ ബയോപ്സി’ അടക്കമുള്ള പരിശോധനകൾ നടത്തി. ആ രോഗം തനിക്കില്ലെന്നും പ്രമേഹം മാത്രമാണ് ഉള്ളതെന്നുമാണ് ഡോക്ടർമാരുടെ സംഘം കണ്ടെത്തിയത്. പ്രമേഹത്തിനുള്ള മരുന്നുകൾ മാത്രമാണ് നൽകിയിരിക്കുന്നത്. പ്രമേഹം ഉണ്ട് എന്നതൊഴിച്ചാൽ പൂർണ ആരോഗ്യവാനാണെന്നും പഴയതെല്ലാം മറന്ന് സജീവമാകാനുമാണ് ഡോക്ടർമാർ നിർദേശിച്ചതെന്നും സുധാകരൻ അറിയിച്ചു.