ADVERTISEMENT

തിരുവനന്തപുരം∙ ‘കേരളഗാനം’ വിവാദം സംബന്ധിച്ച് സിപിഎമ്മിലും അതൃപ്തി. വിവാദം തടയുന്നതിൽ സാഹിത്യ അക്കാദമിക്ക് വീഴ്ചയുണ്ടായെന്നാണ് വിമർശനം. ശ്രീകുമാരൻ തമ്പിയും ബാലചന്ദ്രൻ ചുള്ളിക്കാടുമടക്കം 2 പ്രമുഖരായ കവികൾക്ക് അപമാനം നേരിടേണ്ടി വന്നതിലും  അതു ചർച്ചയായതിലും അക്കാദമിയുടെ അശ്രദ്ധ കാരണമായെന്നാണു കുറ്റപ്പെടുത്തൽ. പാർട്ടി കേന്ദ്ര കമ്മിറ്റിയിലെ പ്രമുഖൻ ശ്രീകുമാരൻ തമ്പിയെ ഫോണിൽ ബന്ധപ്പെട്ട് കൂടുതൽ വിവാദങ്ങളിലേക്കു നീങ്ങരുതെന്ന് അഭ്യർഥിച്ചതായും സൂചനയുണ്ട്.

അതിനിടെ 2014 ൽ ബോധേശ്വരന്റെ 'കേരള ഗാനം' സാംസ്‌കാരിക വകുപ്പിന്റെ ഔദ്യോഗിക ഗാനമാക്കിയ തീരുമാനം ഉപേക്ഷിച്ചോയെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി കെ.സി.ജോസഫ്, സാംസ്കാരിക മന്ത്രി സജി ചെറിയാന് കത്തയച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ തീരുമാനത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഏതു സാഹചര്യത്തിലാണ് പുതിയ ഗാനം കണ്ടെത്താൻ അക്കാദമിയോട് ആവശ്യപ്പെട്ടത് എന്നീ കാര്യങ്ങളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

ശ്രീകുമാരൻ തമ്പിയെ ആക്ഷേപിച്ച സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതായി മുൻ പ്രതിപക്ഷ നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തല അറിയിച്ചു.  കേരളഗാനം സാഹിത്യ അക്കാദമിക്ക് നൽകില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായി ശ്രീകുമാരൻ തമ്പി അറിയിച്ചു. താനെഴുതിയ ഗാനം സംഗീതം ചെയ്യുന്നതിനായി വ്യക്തികളും സംഘടനകളുമടക്കം ഒട്ടേറെ പേ‍ർ കഴിഞ്ഞ 3 ദിവസങ്ങളിലായി മുന്നോട്ടു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാടിന്റെ ദേശീയഗീതം രചിച്ചത് മലയാളി

തമിഴ്നാട്ടിലെ സ്കൂൾ അസംബ്ലികളിലും സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിലും ആലപിക്കുന്ന ‘തമിഴ് തായ് വാഴ്ത്ത്’ എന്ന ഗാനം രചിച്ചത് മലയാളിയായ മനോ‍ൻമണീയം പി.സുന്ദരംപിള്ള. ദേശീയ ഗാനമായ ‘ജനഗണമന’യ്ക്കു പിന്നാലെയാണ് ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കുന്നത്. ശ്രീമൂലം തിരുനാളിന്റെ ട്യൂട്ടറായിരുന്ന പ്രഫ.പി.സുന്ദരംപിള്ള രചിച്ച ‘മനോൻമണീയം’എന്ന കാവ്യനാടകത്തിലെ ഗാനമാണ് 9 വരികളുള്ള തമിഴ് തായ് വാഴ്ത്ത്. ദേശ സ്നേഹവും ആവേശവും ഉണർത്തുന്ന വരികൾ 1970ൽ തമിഴ്നാട് സർക്കാർ ദേശീയഗീതമായി പ്രഖ്യാപിക്കുകയായിരുന്നു. എം.എസ്.വിശ്വനാഥൻ ഈണം പകർന്നു.

English Summary:

Dissatisfaction within CPM over Kerala song controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com