നവകേരള സദസ്സ്: ചികിത്സാസഹായ അപേക്ഷ സിഎംഒ പോർട്ടലിൽ നൽകാൻ നിർദേശം
Mail This Article
തൊടുപുഴ ∙ നവകേരള സദസ്സിൽ ചികിത്സാസഹായം തേടി അപേക്ഷ നൽകിയവരോട് സിഎംഒ പോർട്ടൽ വഴി വീണ്ടും അപേക്ഷിക്കാൻ നിർദേശം. രേഖകൾ അടക്കം ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് മണിക്കൂറുകൾ കാത്തുനിന്ന് സദസ്സിൽ അപേക്ഷിച്ചവരോട് വീണ്ടും അപേക്ഷ നൽകാൻ നിർദേശിച്ചിരിക്കുന്നത്.
സദസ്സിലെ പരാതികളിൽ അതതു വകുപ്പിലെ ഉദ്യോഗസ്ഥർ നടപടിയെടുക്കുമെന്നാണു മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നത്. ചികിത്സാസഹായ അപേക്ഷകളിൽ വില്ലേജ് ഓഫിസർക്കാണു ചുമതല. വേണ്ടത്ര രേഖകൾ ഇല്ലെങ്കിൽ വില്ലേജ് ഓഫിസർ അപേക്ഷകരെ ബന്ധപ്പെടുകയാണു വേണ്ടത്.
കൂടുതൽ തുക അനുവദിക്കാൻ കലക്ടർക്കും അതിനു മുകളിൽ മുഖ്യമന്ത്രിയുടെ ഓഫിസിനും അധികാരമുണ്ട്. എന്നാൽ പരാതി പരിശോധിച്ച് ആവശ്യമുള്ള രേഖകൾ വില്ലേജ് ഓഫിസർ പരാതിക്കൊപ്പം വയ്ക്കണം. ഇതു പ്രായോഗികമല്ലെന്നും ചികിത്സാസഹായ അപേക്ഷകർക്ക് രേഖകൾ നേരിട്ട് അപ്‍ലോഡ് ചെയ്യാൻ പുതിയ പോർട്ടൽ തുടങ്ങുമെന്നും അറിയിപ്പ് ഉണ്ടായിരുന്നു. എന്നാൽ പുതിയ പോർട്ടൽ ഇതുവരെയായിട്ടില്ല. അതിനുശേഷമാണ് സിഎംഒ പോർട്ടൽ വഴി അപേക്ഷിക്കാനുള്ള പുതിയ നിർദേശം.
സിഎംഒ പോർട്ടൽ വഴി എപ്പോൾ വേണമെങ്കിലും ആർക്കും പരാതി സമർപ്പിക്കാൻ സംവിധാനമുള്ളപ്പോൾ നവകേരള സദസ്സിൽ അപേക്ഷകൾ വാങ്ങിയതെന്തിനെന്ന് ചോദ്യമുയരുന്നുണ്ട്.