ADVERTISEMENT

കൽപറ്റ ∙ കർഷകനെ കൊലപ്പെടുത്തിയ കാട്ടാന ‘ബേലൂർ മഖ്ന’ തുടർച്ചയായി നടന്നുകൊണ്ടിരുന്നത് മയക്കുവെടി ദൗത്യം പരാജയപ്പെടുത്തി. കൃത്യമായ ലൊക്കേഷൻ മനസ്സിലാക്കി ഉച്ചകഴിഞ്ഞു മൂന്നോടെ കാട്ടിനുള്ളിൽ കയറിയ ദൗത്യസംഘം കാട്ടാനയുടെ തൊട്ടടുത്തെത്തിയതാണ്. 

നോർത്തേൺ സിസിഎഫ് കെ.എസ്. ദീപയുടെ നേതൃത്വത്തിൽ 200 അംഗ വനപാലക സംഘമാണു തിരച്ചിലിനെത്തിയത്. ലോറി ആംബുലൻസും മണ്ണുമാന്തിയന്ത്രവും ഡ്രോണും സജ്ജീകരിച്ചിരുന്നു. വിക്രം, സൂര്യ, സുരേന്ദ്രൻ, ഭരത് എന്നീ കുങ്കിയാനകളും ദൗത്യത്തിനിറങ്ങി. കുങ്കിയാനകളുടെ സാന്നിധ്യം അറിഞ്ഞതോടെ മഖ്ന ഉൾവനത്തിലേക്കു കൂടുതൽ നീങ്ങുകയാണു ചെയ്തത്. 

ഒരു രാത്രിയും പകലുംകൊണ്ട് ജനവാസകേന്ദ്രങ്ങളിലൂടെയും കാടിനുള്ളിലൂടെയും ബേലൂർ മഖ്ന 30 കിലോമീറ്ററോളം നടന്നു. 

ഇന്നലത്തെ സംഭവങ്ങൾ

ചാലിഗദ്ദയിൽ കർഷകൻ അജീഷിനെ കൊലപ്പെടുത്തിയ വീടിനു മുകളിലെ കുന്നിൽ ശനി രാത്രി മുഴുവൻ നിന്ന ആന പുലർച്ചെ തന്നെ അവിടെനിന്നു നീങ്ങി. 

∙ ഇന്നലെ പുലർച്ചെ ഏകദേശം 2.00: ബേലൂർ മഖ്ന കുന്നിന്റെ മുകളിലെ തോട്ടത്തിൽനിന്നു മാറുന്നു

∙ രാവിലെ 5.30: ബേലൂർ മഖ്ന 6 കിലോമീറ്റർ അകലെ കാട്ടിക്കുളത്തെന്നു വിവരം 

∙ പിന്നീട് കാട്ടിക്കുളം, ചേലൂർ ഭാഗങ്ങളിലൂടെ സ‍ഞ്ചരിച്ച് തോൽപെട്ടി റെയ്ഞ്ചിലേക്കു കാടുകയറി. ബാവലി-മൈസൂരു ദേശീയപാതയിൽ ചെമ്പകപ്പാറയ്ക്കു സമീപം കാട്ടാനയ്ക്കു പിന്നാലെ മയക്കുവെടി വയ്ക്കാനായി വനപാലകരും കാട്ടിലേക്കു നീങ്ങി.

∙ രാവിലെ 6.00: മയക്കുവെടി വയ്ക്കാൻ കഴിയുന്ന സ്ഥലത്തേക്ക് ആനയെ തുരത്താനും മയക്കുവെടി വയ്ക്കാനും‍ ഒരു സംഘം , ആനയെ തിരഞ്ഞു കണ്ടുപിടിക്കാൻ മറ്റൊരു സംഘം എന്ന രീതിയിൽ ഓപ്പറേഷൻ.ആന നിൽക്കുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപ്രത്യേകത കൂടി പരിഗണിച്ചേ മയക്കുവെടി വയ്ക്കാനാകൂ എന്നതായിരുന്നു ദൗത്യസംഘം നേരിട്ട ആദ്യപ്രതിസന്ധി. ദൗത്യം ഏറെ വൈകി. 

∙ രാവിലെ 8.00: അഞ്ചു ഡിഎഫ്ഒമാരും 4 വെറ്ററിനറി സർജന്മാരും ഉൾപെടുന്ന ദൗത്യസംഘം കാട്ടിലേക്ക്.

∙ ഉച്ചകഴിഞ്ഞ് 3.00: കാട്ടാനയുടെ കൃത്യമായ സ്ഥാനം മനസ്സിലാക്കി ബാവലി- മൈസൂരു റോഡരികിലൂടെ കൂടുതൽ വനപാലകർ കാട്ടിലേക്ക്. 3 കിലോമീറ്റർ അകലെ ഉൾക്കാട്ടിൽ നിലയുറപ്പിച്ച് ബേലൂർ മഖ്ന. 

∙ ഉച്ചകഴിഞ്ഞ് 3.30: മൈസൂരു റോഡിൽ ഗതാഗതം നിയന്ത്രിക്കുന്നു. മയക്കുവെടി ഉടൻ എന്നു പ്രചാരണം.  

∙ വൈകിട്ട് 4.00: ബേലൂർ മഖ്ന ജനവാസകേന്ദ്രങ്ങൾക്കടുത്തുകൂടി കാട്ടിനുള്ളിൽ സഞ്ചാരം തുടർന്ന് അപ്രത്യക്ഷമാകുന്നു.  ദൗത്യം പ്രതിസന്ധിയിൽ.

∙ വൈകിട്ട് 5.00: സാഹചര്യങ്ങൾ പ്രതികൂലമായതോടെ ദൗത്യം ഇന്നു തുടരാൻ തീരുമാനിച്ചു വനപാലകർ കാടിറങ്ങുന്നു. മണ്ണുണ്ടിക്കോളനിക്കു സമീപം ഉൾക്കാട്ടിൽ നിലയുറപ്പിച്ച് ബേലൂർ മഖ്ന 

∙വൈകിട്ട് 5.30: വനപാലകർക്കെതിരെ വൻ ജനരോഷം, പ്രതിഷേധം 

∙വനപാലകർ  13 സംഘങ്ങളായി തിരിഞ്ഞ്‍ ഇന്നലെ രാത്രിയും ആനയുടെ സഞ്ചാരം നിരീക്ഷിച്ചു. പൊലീസിന്റെ 5 സംഘങ്ങളും ഇവർക്കൊപ്പം ചേർന്നു. രാത്രിനിരീക്ഷണത്തിനായി നൈറ്റ് വിഷൻ ഡ്രോൺ, ജിപിഎസ് സംവിധാനം എന്നിവ എത്തിച്ചു. 

ഇന്നത്തെ പദ്ധതി

ഇന്ന് അതിരാവിലെ വീണ്ടും കാട്ടിൽ ദൗത്യസംഘമെത്തും‍. സാഹചര്യങ്ങൾ ഒത്തുവന്നാൽ എത്രയും വേഗം മയക്കുവെടി. തുടർന്ന് ആനയെ മുത്തങ്ങയിലെത്തിക്കും.ഇന്നു നിലമ്പൂര്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍നിന്നുള്ള ആര്‍ആര്‍ടി സംഘവും തിരച്ചില്‍ ദൗത്യത്തിനു വയനാട്ടിലെത്തും.

English Summary:

Attempt to Capture the killer elephant in Mananthavady

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com