വിദേശ സർവകലാശാല: സർക്കാരിനു ശുപാർശ നൽകിയിട്ടില്ലെന്ന് കൗൺസിൽ

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വിദേശ സർവകലാശാലകളുടെ ക്യാംപസ് തുറക്കാനുള്ള ശുപാർശ ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുഖ്യമന്ത്രിക്കോ സർക്കാരിനോ നൽകിയിട്ടില്ലെന്ന് അധികൃതർ. ആഗോളവൽക്കരണത്തിനും വിദേശ സർവകലാശാലകളെ കൊണ്ടു വരാനും വിദേശത്തു സംഗമം നടത്താനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശ്രമിക്കുന്നു എന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം.
വിദേശ സർവകലാശാല സംബന്ധിച്ച ബജറ്റ് നിർദേശങ്ങളെ കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ച സാഹചര്യത്തിൽ ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് കൗൺസിൽ അധികൃതർ തയാറല്ല. സംസ്ഥാനത്തെ സർവകലാശാലകൾ നടത്തുന്ന പ്രോഗ്രാമുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തി വിദേശ വിദ്യാർഥികളെ ഇവിടേക്ക് ആകർഷിക്കാനാണ് കൗൺസിൽ ലക്ഷ്യമിടുന്നത്. ഇതിനായി കൗൺസിലിൽ പ്രോഗ്രാം ഓഫിസറെയും നിയോഗിച്ചിട്ടുണ്ട്.
വിദേശത്തു നിന്ന് ആളുകളെ ആകർഷിക്കുന്നതിനു സംഗമം നടത്തുമെന്ന് ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ധനമന്ത്രിയുടെ അധികാരത്തിൽപെട്ട കാര്യമായതിനാൽ കൗൺസിൽ ഇക്കാര്യത്തിൽ ശുപാർശ നൽകിയിട്ടില്ല. കേരളത്തിൽ നിന്നു വിദേശത്തേക്കു പഠിക്കാൻ പോകുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും ഏജൻസികളെ നിയന്ത്രിക്കാനും സംവിധാനം കൊണ്ടു വരണമെന്നത് കൗൺസിലിന്റെ ശുപാർശയാണ്.
ഒട്ടേറെ സാധ്യതകൾ കേരളത്തിൽത്തന്നെ ഉള്ളപ്പോൾ വിദ്യാർഥികളെ ഇവിടെ പിടിച്ചു നിർത്താനാണ് കൗൺസിൽ ശ്രമിക്കുന്നത്. പുതിയ പ്രോഗ്രാമുകൾ തുടങ്ങുമ്പോൾ വിദേശ വിദ്യാർഥികൾ ഇവിടെ പഠിക്കാൻ എത്തുമെന്നു പ്രതീക്ഷിക്കുന്നു. വിദേശ സർവകലാശാലകളെ ആകർഷിക്കുന്ന കാര്യം കൗൺസിൽ നിർദേശിച്ചിട്ടില്ല.