റേഷൻ കടകളിൽ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബാനർ അനുവദിക്കില്ല: മുഖ്യമന്ത്രി

Mail This Article
തിരുവനന്തപുരം∙ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബാനറും അതിനോടു ബന്ധപ്പെടുത്തിയുള്ള സെൽഫി പോയിന്റും കേരളത്തിലെ റേഷൻ കടകളിൽ അനുവദിക്കില്ലെന്നു കേന്ദ്രത്തെ അറിയിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം തിരഞ്ഞെടുപ്പു കമ്മിഷന്റെ ശ്രദ്ധയിൽപെടുത്തും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ പുതിയ പ്രചാരണ പരിപാടിയുമായി വന്നിരിക്കുകയാണു കേന്ദ്രസർക്കാർ. അതു ശരിയല്ലെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
തിരഞ്ഞെടുപ്പു വർഷത്തിൽ റേഷൻ കടകളെ കേന്ദ്രീകരിച്ചുള്ള ഇത്തരം പ്രചാരണ പരിപാടികൾ അംഗീകരിക്കില്ലെന്നു മന്ത്രി ജി.ആർ.അനിലും വ്യക്തമാക്കി. 25 രൂപയ്ക്കു റേഷൻ കടകളിലൂടെ നൽകാൻ കഴിയുന്ന അരിയാണു ഭാരത് അരി എന്ന പേരിൽ കേന്ദ്രസർക്കാർ നേരിട്ടു കേരളത്തിൽ വിൽക്കുന്നതെന്നു മന്ത്രി പറഞ്ഞു. എഫ്സിഐയിൽ നിന്നു ലേലത്തിനെടുത്ത് സപ്ലൈകോ വഴി സംസ്ഥാന സർക്കാർ റേഷൻകടകളിലൂടെ 25 രൂപയ്ക്ക് അരി നൽകിയിരുന്നു. ലേലത്തിൽ പങ്കെടുക്കാൻ കഴിയാത്തവിധം നിബന്ധനയുണ്ടാക്കിയ ശേഷമാണ് 29 രൂപയ്ക്ക് കേന്ദ്രം വിൽപന നടത്തുന്നത്. ഇവിടെ ഫലപ്രദമായ വിതരണ ശൃംഖലയുള്ളപ്പോൾ കച്ചവടക്കാരെപ്പോലെ നേരിട്ടു വിൽക്കുകയാണ്. കഴിഞ്ഞ 8 വർഷത്തിനിടെ കേരളത്തിന്റെ അരിവിഹിതം ഒരു കിലോ പോലും കേന്ദ്രം വർധിപ്പിച്ചിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.