ADVERTISEMENT

തിരുവനന്തപുരം ∙ഡ്രൈവിങ് ലൈസൻസും വാഹനങ്ങളുടെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റും (ആർസി) അച്ചടിക്കാൻ പുതിയ കരാർ വിളിക്കണമെന്നു ധനവകുപ്പും നിലവിലുള്ളതു തുടരണമെന്നു മോട്ടർ വാഹന വകുപ്പും നിലപാടെടുത്തതോടെ ഫയൽ മന്ത്രിസഭയ്ക്കു മുന്നിലേക്ക്. സ്വകാര്യ കമ്പനികളുടെ ചരടുവലി സജീവമായ പശ്ചാത്തലത്തിൽ തീരുമാനം വൈകാൻ സാധ്യതയേറി. 

നവംബർ 27ന് പ്രിന്റിങ് മുടങ്ങിയതോടെ 4 ലക്ഷം ലൈസൻസും 5  ലക്ഷം ആർസിയുമാണ് അച്ചടിക്കാൻ ബാക്കി. ദിവസം 30,000 കാർഡുകൾ അച്ചടിക്കേണ്ടതാണ്. തീരുമാനം വൈകിയാൽ പ്രതിസന്ധി പരിഹരിക്കപ്പെടില്ല. കാർഡിന് 60 രൂപ പോലും ചെലവാകാത്തപ്പോഴും അപേക്ഷകരിൽനിന്ന് 200 രൂപ തൊട്ടാണ് ഫീസ് ഇൗടാക്കുന്നത്. എന്നിട്ടും സമയത്തു കാർഡ് നൽകാനാകാത്ത പ്രതിസന്ധി സൃഷ്ടിച്ചത് ഉദ്യോഗസ്ഥർ തമ്മിലുള്ള പോരാണെന്നാണ് ആക്ഷേപം. പുതിയ കരാർ വിളിക്കണമെന്ന ധനവകുപ്പിലെ ചില ഉന്നതരുടെ പിടിവാശി സ്വകാര്യ കമ്പനികളുടെ താൽപര്യം മൂലമാണെന്നും ആരോപണമുണ്ട്.

5 വർഷത്തെ കരാറിന്റെ അടിസ്ഥാനത്തിൽ അച്ചടി പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐടിഐ) ആണ് ചെയ്യുന്നത്. കരാർ ലംഘിച്ചാൽ പ്രിന്റിങ് വീണ്ടും കോടതി കയറും. വർഷങ്ങൾ സുപ്രീം കോടതി വരെ കേസ് നടത്തിയാണ് സ്വന്തം നിലയിൽ കരാർ നിശ്ചയിക്കാനും കാർഡ് പ്രിന്റിങ്ങിനും ഗതാഗതവകുപ്പിന് അനുമതി ലഭിച്ചത്.

റോസ് മാർട്ട കമ്പനി, പാലക്കാട് ഐടിഐ എന്നീ സ്ഥാപനങ്ങൾ ചേർന്നുള്ള കൺസോർഷ്യവുമായിട്ടായിരുന്നു കേസ്. സ്മാർട് കാർഡ് നിർമാണത്തിന് യോഗ്യതയുണ്ടായിട്ടും കൺസോർഷ്യത്തെ ഒഴിവാക്കി മറ്റൊരു കമ്പനിക്കു കരാർ നൽകിയെന്നാരോപിച്ച് കേസ് നൽകി കൺസോർഷ്യം കരാറിൽ സ്റ്റേ വാങ്ങുകയായിരുന്നു. ഈ കേസ് വർഷങ്ങൾ നീണ്ടതോടെ ലാമിനേറ്റഡ് സർട്ടിഫിക്കറ്റും കാർഡും തുടർന്നു. 

സ്മാർട് കാർഡിന് 198 രൂപയാണു 22 വർഷം മുൻപ് മോട്ടർ വാഹനവകുപ്പ് തുക നിശ്ചയിച്ചത്. 60 രൂപയ്ക്ക് ഇതു നിർമിക്കാനാകുമെന്ന് പിന്നീട് സ്വന്തമായി പ്രിന്റ് ചെയ്ത ശേഷം സർക്കാർ തന്നെ കോടതിയെ അറിയിച്ചു. തുടർന്ന് ഇതേ തുകയ്ക്ക് പ്രിന്റ് ചെയ്യാൻ ഐടിഐ തയാറാവുകയായിരുന്നു.

ഡ്രൈവിങ് ലൈസൻസ്: വർണാന്ധത ഇല്ലെന്ന രേഖ നിർബന്ധം

തിരുവനന്തപുരം ∙ ഡ്രൈവിങ്, ലേണേഴ്സ് ലൈസൻസുകൾക്കുള്ള അപേക്ഷയ്ക്കൊപ്പം വർണാന്ധത ഇല്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി മോട്ടർ വാഹന വകുപ്പ്. ആ സേവനങ്ങൾക്കായി ഇനി മുതൽ പരിഷ്‌കരിച്ച ഫോം (നമ്പർ IA) ആണ് ഉപയോഗിക്കേണ്ടത്. www.mvd.kerala.gov.in.

English Summary:

RC, License Printing: Finance Department for new contract and Transport Department for existing contract

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com