ഐസക്കിന്റെ നിസ്സഹകരണ നിലപാടിൽ ഇ.ഡി. വീണ്ടും നിയമോപദേശം തേടി

Mail This Article
കൊച്ചി∙ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) ചട്ടലംഘനം ആരോപിക്കപ്പെടുന്ന കിഫ്ബി മസാല ബോണ്ട് കേസിൽ മുൻമന്ത്രി ടി.എം. തോമസ് ഐസക്കിന്റെ നിസ്സഹകരണ നിലപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും നിയമോപദേശം തേടി. ഇ.ഡി. അയച്ച 5 നോട്ടിസുകൾ തോമസ് ഐസക്ക് അവഗണിച്ചിരുന്നു. കേസിൽ തോമസ് ഐസക്കിന്റെ ഹർജി ഹൈക്കോടതി തീർപ്പാക്കിയ ശേഷം അന്വേഷണത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശം.
മസാല ബോണ്ട് ഇറക്കിയതിൽ, ധനമന്ത്രിയായിരുന്ന തനിക്കു മാത്രമായി ഉത്തരവാദിത്തമില്ലെന്ന നിലപാടാണു തോമസ് ഐസക്ക് ഇ.ഡിയെ രേഖാമൂലം അറിയിച്ചിരുന്നത്. എന്നാൽ കേസിൽ വിവരം ശേഖരിക്കാനായി ഇ.ഡി. നോട്ടിസ് നൽകി ഹാജരാവാൻ ആവശ്യപ്പെടുമ്പോൾ ഇത്തരത്തിൽ മറുപടി നൽകി വിട്ടുനിൽക്കാൻ കഴിയില്ലെന്നാണ് ഇ.ഡിയുടെ നിലപാട്. കേസിൽ ഇ.ഡിയുടെ അന്വേഷണം നിശ്ചലമാക്കാൻ കിഫ്ബിയും തോമസ് ഐസക് അടക്കമുള്ളവരും ബോധപൂർവം ശ്രമിക്കുന്നതായി ഇ.ഡി. ഹൈക്കോടതിയിൽ ആരോപിച്ചു.