വായ്പ പരിധി: കേന്ദ്രം – കേരളം ചർച്ച പരാജയം; ഉദ്യോഗസ്ഥർ ഇന്നു കൂടിക്കാഴ്ച നടത്തും
Mail This Article
ന്യൂഡൽഹി ∙ സംസ്ഥാന സർക്കാരിന്റെ വായ്പ പരിധി സംബന്ധിച്ച തർക്കം പരിഹരിക്കാൻ സുപ്രീം കോടതി നിർദേശിച്ചപ്രകാരം കേന്ദ്രവും കേരളം തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി കേന്ദ്ര ധനകാര്യ സെക്രട്ടറി അടക്കമുള്ളവരുമായാണ് ചർച്ച നടത്തിയത്. എന്നാലിത് ഫലപ്രദമായില്ലെന്നും ഉന്നയിച്ച ആവശ്യങ്ങൾക്കു പരിഹാരം കാണാനായില്ലെന്നും ബാലഗോപാൽ പറഞ്ഞു.
സുപ്രീം കോടതിയിൽ കേരളം നൽകിയ ഹർജിയിൽ കേന്ദ്രം അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം. കേസ് നിലനിൽക്കുമ്പോൾ എങ്ങനെ ചർച്ച നടക്കുമെന്നായിരുന്നു കേന്ദ്ര ധനമന്ത്രാലയം ചോദിച്ചതെന്നു ബാലഗോപാൽ പറഞ്ഞു. അടിയന്തരാവശ്യങ്ങളുടെ നിവേദനം കേരളം കൈമാറി. കേന്ദ്രം എന്തു നിലപാട് സ്വീകരിക്കുമെന്നറിയില്ലെന്നും മന്ത്രി പറഞ്ഞു.
അക്കൗണ്ടുമായി ബന്ധപ്പെട്ടു വ്യക്തത വരുത്താനായി കേരളത്തിന്റെയും കേന്ദ്രത്തിന്റെയും ഉദ്യോഗസ്ഥർ ഇന്ന് കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.ഏബ്രഹാം, ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ് തുടങ്ങിയവരാണ് മന്ത്രിക്കൊപ്പം ചർച്ചയിൽ പങ്കെടുത്തത്.
ധനമന്ത്രി നിർമല സീതാരാമൻ ഓഫിസിലുണ്ടായിരുന്നെങ്കിലും കൂടിക്കാഴ്ചയിൽ പങ്കെടുത്തില്ല. കേന്ദ്ര ധനകാര്യ സെക്രട്ടറി ടി.വി.സോമനാഥൻ, അഡീഷനൽ സോളിസിറ്റർ ജനറൽ എൻ.വെങ്കിട്ടരാമൻ, അഡീഷനൽ സെക്രട്ടറി സജ്ജൻ സിങ് യാദവ്, ജോയിന്റ് സെക്രട്ടറി അമിത സിങ് നേഗി തുടങ്ങിയവർ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നു പങ്കെടുത്തു.
കേരളത്തിന്റെ ഹർജി പരിഗണിച്ച സുപ്രീം കോടതി, ചർച്ചയിലൂടെ പ്രശ്നം പരിഹാരത്തിനു ശ്രമിക്കാനും ഫലം 19ന് അറിയിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. വായ്പ പരിധി സംബന്ധിച്ച് കേന്ദ്രം നൽകിയ 2 ഉത്തരവുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് കേരളത്തിന്റെ ഹർജി. തിരഞ്ഞെടുപ്പു വരുന്നതു കണക്കിലെടുത്ത് ഉടൻ തീരുമാനമെടുക്കണമെന്നും ഇല്ലെങ്കിൽ പ്രോവിഡന്റ് ഫണ്ട് വിതരണമുൾപ്പെടെ പ്രതിസന്ധിയിലാവുമെന്നും കേരളം വാദിച്ചിരുന്നു.