മര്യാദയ്ക്ക് പെരുമാറാൻ; പൊലീസിന് എന്താണ് ബുദ്ധിമുട്ട്: ഹൈക്കോടതി

Mail This Article
കൊച്ചി∙ ജനങ്ങളോടു മര്യാദയ്ക്കു പെരുമാറാൻ പൊലീസിന് ഇത്ര ബുദ്ധിമുട്ടാണോ എന്നു ഹൈക്കോടതിയുടെ ചോദ്യം. ജോലി സമ്മർദം മോശം പെരുമാറ്റത്തിനുള്ള ന്യായീകരണമല്ലെന്നും ഇതൊക്കെ മറികടക്കാനുള്ള പരിശീലനം പൊലീസിനു ലഭിക്കുന്നതാണെന്നും കോടതി പരാമർശിച്ചു. മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവുമായി ആലത്തൂർ സ്റ്റേഷനിൽ എത്തിയ അഡ്വ. അക്വിബ് സുഹൈലിനെ എസ്ഐ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്ന പശ്ചാത്തലത്തിൽ കോടതി സ്വമേധയാ എടുത്ത കേസും അഭിഭാഷകൻ നൽകിയ കോടതിയലക്ഷ്യ ഹർജിയും പരിഗണിക്കുന്നതിനിടെയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞത്.
എസ്ഐ വി. ആർ. റെനീഷ് നൽകിയ സത്യവാങ്മൂലത്തിൽ പരസ്പര വിരുദ്ധവും അവ്യക്തവുമായ കാര്യങ്ങളാണു പറയുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യപരമായി ഒന്നും ചെയ്തിട്ടില്ലെന്നാണു വിശദീകരണം. അതേസമയം, സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുമുണ്ട്. ഇതു പരസ്പരവിരുദ്ധമാണ്. മോശം വാക്കുകളൊന്നും ഉപയോഗിച്ചില്ലെങ്കിൽ മാപ്പ് എന്തിനാണ്? കുറ്റം ചെയ്തില്ലെന്നാണു വാദിക്കുന്നതെങ്കിൽ വിചാരണ നേരിട്ട് അതു തെളിയിക്കണം. അല്ലെങ്കിൽ സത്യവാങ്മൂലത്തിൽ വ്യക്തത വരുത്തണമെന്നു കോടതി പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥനെതിരെയുള്ള അച്ചടക്ക നടപടിയുടെ പുരോഗതി ഡിജിപി അറിയിക്കണമെന്നു കോടതി നിർദേശിച്ചു. മാർച്ച് 1നു കേസ് വീണ്ടും പരിഗണിക്കും. ഇതിനിടെ, തൊഴിൽപരമായ ആവശ്യങ്ങൾക്കു സ്റ്റേഷനിലെത്തുന്ന അഭിഭാഷകരോട് ഇടപെടുമ്പോൾ പൊലീസ് പിൻതുടരേണ്ട നടപടിക്രമം സംബന്ധിച്ചും അഭിഭാഷകർക്കെതിരെ കേസെടുക്കുന്ന കാര്യത്തിലും മാർഗനിർദേശം ആവശ്യപ്പെട്ടു ഹൈക്കോർട്ട് അഡ്വക്കറ്റ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ വിശദീകരണത്തിനു സർക്കാർ മൂന്നാഴ്ച സമയം തേടി. കേന്ദ്ര ബാർ കൗൺസിലും കേരള ബാർ കൗൺസിലും നൽകിയ ശുപാർശയിൽ എന്തു തീരുമാനം എടുത്തു എന്ന് അറിയിക്കാനാണു നിർദേശം.