ADVERTISEMENT

കോഴഞ്ചേരി (പത്തനംതിട്ട) ∙ ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പ് കേസിൽ ഉടമകളും ഒന്നും രണ്ടും പ്രതികളുമായ തെള്ളിയൂർ ശ്രീരാമസദനത്തിൽ ഡി.ഗോപാലകൃഷ്ണൻ നായർ (66), മകൻ ഗോവിന്ദ് ജി.നായർ (36) എന്നിവർ പൊലീസിൽ കീഴടങ്ങി. തിരുവല്ല ഡിവൈഎസ്പി എസ്.അഷാദിന്റെ നേതൃത്വത്തിൽ ഇവരെ കോയിപ്രം പൊലീസ് സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. ഈ സമയം നിക്ഷേപകരായ നൂറോളം പേർ സ്റ്റേഷനിലെത്തി പ്രതികളെ കാണണമെന്നാവശ്യപ്പെട്ട് ബഹളം വച്ചു. 

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി 40 ശാഖകളുള്ള സ്ഥാപനത്തിൽ 1600ൽ അധികം നിക്ഷേപകരുണ്ടെന്നാണ് പ്രാഥമിക നിഗമനം. കോടികളുടെ തട്ടിപ്പാണു സ്ഥാപനത്തിൽ നടന്നിട്ടുള്ളത്. 

കോയിപ്രം പൊലീസ് സ്റ്റേഷനിൽ മാത്രം ഇതുവരെ ഇരുനൂറോളം പരാതി ലഭിച്ചിട്ടുണ്ട്. 138 പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തു. ഇത്രയും കേസുകളിലായി ഏകദേശം 24 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. മൂന്നാം പ്രതിയും ഗോപാലകൃഷ്ണൻ നായരുടെ ഭാര്യയുമായ സിന്ധു ജി.നായർ ഒളിവിലും ഗോവിന്ദിന്റെ ഭാര്യയും നാലാം പ്രതിയുമായ ലക്ഷ്മിരേഖ ജി.നായർ വിദേശത്തുമാണ്. സിന്ധു ജി.നായർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. 

കഴിഞ്ഞ ഡിസംബർ വരെ കൃത്യമായി പലിശ നൽകിയിരുന്നു. ഗോപാലകൃഷ്ണൻ നായരുടെ സഹോദരൻ ഡി.അനിൽകുമാറിന്റെ സ്ഥാപനമായ പിആർഡി ഫിനാൻസ് ഒന്നേകാൽ വർഷം മുൻപ് പൂട്ടി ഉടമകൾ ഒളിവിൽ പോയിരുന്നു. ഇവർ അറസ്റ്റിലായി ജാമ്യത്തിലാണ്. 

ഈ സാഹചര്യത്തിൽ നിക്ഷേപകർ പണം തിരികെ ആവശ്യപ്പെടാൻ തുടങ്ങിയപ്പോൾ ജനുവരിയിൽ ഗോപാലകൃഷ്ണൻ നായർ നിക്ഷേപക യോഗം വിളിച്ചുകൂട്ടി നിക്ഷേപം ഭദ്രമാണെന്ന് അറിയിച്ചിരുന്നു. എന്നാൽ മൂന്നാം നാൾ ഇവർ കുടുംബസമേതം ഒളിവിൽ പോയി. തുടർന്നാണ് നിക്ഷേപകർ പൊലീസിൽ പരാതി നൽകിയത്. അനിൽകുമാറിന്റെ സ്ഥാപനം പൂട്ടിയതോടെ ഗോപാലകൃഷ്ണൻ നായർ സ്ഥാപനങ്ങളുടെ പേരു മാറ്റി ജി ആൻഡ് ജി ഫിനാൻസിയേഴ്സ് എന്നാക്കി മാറ്റിയിരുന്നു.

English Summary:

G&G finance owners surrender in investment fraud case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com