വന്യജീവി ഉന്മൂലനത്തെപ്പറ്റി കേന്ദ്രമന്ത്രിയുടെ പ്രസ്താവന വസ്തുതകൾ മനസ്സിലാക്കാതെ: മന്ത്രി ശശീന്ദ്രൻ

Mail This Article
തിരുവനന്തപുരം ∙ ആക്രമണകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യുന്നതിനും ചില വന്യജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനുമുള്ള പൂർണ അധികാരം സംസ്ഥാന വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമാണെന്നും ഇതിൽ കേന്ദ്ര വനംമന്ത്രാലയത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നുമുള്ള കേന്ദ്ര വനംമന്ത്രി ഭൂപേന്ദർ യാദവിന്റെ പരാമർശം വസ്തുതകൾ മനസ്സിലാക്കാതെയാണെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രൻ. കേന്ദ്ര വന്യജീവി നിയമത്തിലെ 62-ാം വകുപ്പിലെ വ്യവസ്ഥകൾ പഠിക്കാതെയോ അല്ലെങ്കിൽ നിക്ഷിപ്ത താൽപര്യത്തോടെയോ ആണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെന്നു മന്ത്രി പറഞ്ഞു.
വന്യജീവി സംരക്ഷണ നിയമപ്രകാരം ചില സാഹചര്യങ്ങളിൽ മനുഷ്യ ജീവന് അപകടകരമായ വന്യജീവികളെ കൊല്ലാൻ ഉത്തരവിടാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതോടൊപ്പം തന്നെ, ചീഫ് വൈൽഡ് ലൈഫ് വാർഡന് ബോധ്യപ്പെട്ടാൽ മാത്രമേ കൊല്ലും മുൻപ് മൃഗത്തെ പിടികൂടാനോ മയക്കുവെടി വയ്ക്കാനോ മറ്റൊരു സ്ഥലത്തേക്കു മാറ്റാനോ പറ്റൂ എന്നും നിയമത്തിൽ പറയുന്നു.
പിടികൂടുന്ന വന്യമൃഗത്തെ വനത്തിൽ തുറന്നു വിടാൻ സാധിക്കാത്ത പക്ഷം മാത്രമേ തടവിൽ പാർപ്പിക്കാൻ പാടുള്ളൂ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ള നഷ്ടപരിഹാരത്തുക കേന്ദ്ര സർക്കാരാണ് നൽകുന്നതെന്ന കേന്ദ്രമന്ത്രിയുടെ വാദവും തെറ്റാണെന്നു മന്ത്രി ശശീന്ദ്രൻ പറഞ്ഞു.