ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രി ആരംഭിച്ച മുഖാമുഖം പരിപാടികളിൽ പരാമവധി ആളുകളെ എത്തിക്കാൻ വിവിധ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും മുഖ്യമന്ത്രിയുടെ ഓഫിസിന്റെ കർശന നിർദേശം. ഇതിൽ ഉഴപ്പുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുന്നറിയിപ്പുണ്ട്. മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നത് സ്പോൺസർഷിപ്പിലൂടെയാണെങ്കിലും ആളെ എത്തിക്കാൻ വകുപ്പുകൾ സ്വന്തം ഫണ്ടാണു ചെലവാക്കുന്നത്. പരിപാടി നടക്കുന്ന ജില്ലയിലേക്ക് മറ്റെല്ലാ ജില്ലയിൽ നിന്നും ആളെ എത്തിക്കേണ്ടതിനാൽ ലക്ഷക്കണക്കിനു രൂപ ഓരോ വകുപ്പിനും ചെലവാകും.

ഇൗ മാസം 18ന് കോഴിക്കോട്ട് ആരംഭിച്ച മുഖാമുഖം പരിപാടി മാർച്ച് മൂന്നിനാണു സമാപിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണു പരിപാടി. മുഖ്യമന്ത്രിയുടെ ഓഫിസിൽ തയാറാക്കിയ ക്ഷണക്കത്ത് വകുപ്പുകൾക്കു കൈമാറിയിരുന്നു. ഇതിൽ പേരെഴുതി പ്രമുഖർക്കു കൈമാറുകയും അവരെ പരിപാടി നടക്കുന്ന ജില്ലയിൽ എത്തിക്കുകയുമാണ് വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ജോലി. ഓരോ സ്ഥലത്തും 2,000 പേരെയാണ് എത്തിക്കേണ്ടത്.

ഓരോ സർക്കാർ സ്ഥാപനത്തിനും 50– 100 പേരെയാണ് ടാർ‌ഗറ്റ് നിശ്ചയിച്ചു നൽകിയിരിക്കുന്നത്. ക്ഷണിക്കുന്ന ചിലർ കാറിലേ യാത്ര ചെയ്യൂ എന്നു വാശിപിടിക്കുന്നതിനാൽ യാത്രച്ചെലവിനത്തിൽ വൻ തുക ചെലവാകുമെന്നു പരാതിപ്പെടുന്നുണ്ട്. 

സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ പല സ്ഥാപനങ്ങളും താൽക്കാലിക ജീവനക്കാർക്കു മാസങ്ങളായി ശമ്പളം പോലും നൽകിയിട്ടില്ല. ഇതിനിടെയാണ് ഫണ്ടില്ലെങ്കിലും സർക്കാർ പരിപാടിക്കായി പണം ചെലവാക്കേണ്ടി വരുന്നത്. ചില വകുപ്പുകൾ യാത്രയ്ക്കായി ടൂറിസ്റ്റ് ബസ് ഒരുക്കിയിട്ടുണ്ടെങ്കിലും എല്ലാവരും ബസിൽ യാത്ര ചെയ്യാൻ സന്നദ്ധരല്ല.

English Summary:

Difficulty to gather people for Chief Minister's face-to-face programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com