വൈദ്യുതീകരിക്കാത്ത ട്രാക്കിലേക്ക് ട്രെയിൻ എൻജിൻ കയറിയത് കുരുക്കായി
Mail This Article
കോട്ടയം ∙ വൈദ്യുത എൻജിൻ ഷണ്ടിങ്ങിനിടെ റെയിൽവേ ട്രാക്കിലെ വൈദ്യുതീകരിക്കാത്ത ഭാഗത്തേക്കു കയറിയതു കുരുക്കായി. കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു സംഭവം. കോട്ടയം– എറണാകുളം പാസഞ്ചറിന്റെ എൻജിനാണു ഷണ്ടിങ്ങിനിടെ വൈദ്യുതീകരിക്കാത്ത ട്രാക്കിലേക്ക് കയറിയത്. നാഗമ്പടം ഭാഗത്ത് പാളം അവസാനിപ്പിക്കുന്ന ഭാഗത്തേക്കാണു എൻജിൻ കയറിയത്. വൈദ്യുത ലൈൻ ഇല്ലാതെ വന്നതോടെ എൻജിൻ ഓഫ് ആയി. വൈകിട്ട് 5.20 നു പോകേണ്ട പാസഞ്ചർ ഇതു മൂലം പുറപ്പെടാനായില്ല.
ഒന്നാം പ്ലാറ്റ്ഫോം വഴിയുള്ള ഗതാഗതവും മുടങ്ങി. തുടർന്നു തിരുവനന്തപുരം ഭാഗത്തു നിന്നുള്ള വണ്ടികൾ മുന്നാം പ്ലാറ്റ്ഫോം വഴി കടത്തിവിട്ടാണു പ്രതിസന്ധി പരിഹരിച്ചത്. രാത്രി 7.20നു എറണാകുളത്തു നിന്ന് എൻജിൻ എത്തിച്ചാണു കോട്ടയം– എറണാകുളം പാസഞ്ചർ യാത്ര തുടർന്നത്. എറണാകുളം–കാരയ്ക്കൽ എക്സ്പ്രസിന്റെ റേക്കാണ് കോട്ടയം– എറണാകുളം പാസഞ്ചറായി ഓടിക്കുന്നത്. രാത്രിയോടെ എറണാകുളത്തു നിന്നു ഡീസൽ എൻജിൻ എത്തിച്ചു വൈദ്യുതി എൻജിൻ വലിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചെന്നു റെയിൽവേ അധികൃതർ പറഞ്ഞു.