കൊലയാളി കാട്ടാനയുടെ ആക്രമണം: "ആ രാത്രി, മറക്കാനാകില്ല"

Mail This Article
കൊലയാളി കാട്ടാനയുടെ ആക്രമണത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കന്നിമല സ്വദേശി എസക്കിരാജും ഭാര്യ റജീനയും മകൾ പതിനൊന്നുവയസ്സുകാരി കുട്ടിപ്രിയയും. ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എസക്കിരാജ് തിങ്കളാഴ്ച രാത്രിയിലുണ്ടായ സംഭവം ഞെട്ടലോടെയാണ് വിവരിക്കുന്നത്...
മൂന്നാറിലെ നല്ലതണ്ണി ലിറ്റിൽ ഫ്ലവർ സ്കൂളിലെ അഞ്ചാം ക്ലാസിൽ പഠിക്കുകയാണ് മോൾ കുട്ടിപ്രിയ. തിങ്കളാഴ്ച രാത്രിയായിരുന്നു മോളുടെ സ്കൂളിലെ വാർഷികം. രാത്രി അധികം വൈകാതെ പരിപാടികൾ കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകാൻ പെരിയവരെ സ്റ്റാൻഡിലെത്തിയാണ് അയൽവാസിയായ സുരേഷിന്റെ ഓട്ടോ വിളിച്ചത്.
വരുന്ന വഴിക്ക് കന്നിമല ഫാക്ടറിക്കു മുൻപിൽനിന്ന് 2 അതിഥിത്തൊഴിലാളികളും ഓട്ടോയിൽ കയറി. അവരും താമസിക്കുന്നത് ഞങ്ങളുടെ ലയത്തിന്റെ തൊട്ടടുത്താണ്. രാത്രി നല്ല നിലാവെളിച്ചം ഉണ്ടായിരുന്നു റോഡിൽ. കന്നിമല ടോപ് ഡിവിഷനു സമീപമുള്ള അസിസ്റ്റന്റ് മാനേജരുടെ ബംഗ്ലാവിന് മുൻപിലെ വളവ് കഴിഞ്ഞപാടെയാണ് സൈഡിലെ മൺറോഡിലൂടെ നടന്നു വരികയായിരുന്ന കാട്ടാനയുടെ മുൻപിൽപെട്ടത്. നിമിഷ നേരം കൊണ്ടാണ് ആക്രമണമുണ്ടായത്. അവൻ തുമ്പിക്കൈ കൊണ്ട് ഓട്ടോയുടെ മുകൾ ഭാഗത്ത് ആഞ്ഞടിച്ചതോടെ വശത്തിരുന്ന അതിഥിത്തൊഴിലാളികളും ഓട്ടോ ഓടിച്ചിരുന്ന സുരേഷും പുറത്തേക്ക് തെറിച്ചു വീണു. ആനയുടെ സമീപത്തേക്കു വീണ സുരേഷിനെ തുമ്പിക്കൈ കൊണ്ട് കാട്ടാന എടുത്ത് എറിയുകയായിരുന്നു.
ദൂരേക്ക് തെറിച്ചുവീണ അതിഥിത്തൊഴിലാളികൾ റോഡിലൂടെ ഓടി രക്ഷപ്പെട്ടു. അൽപ നേരം ഓട്ടോയിൽ കുടുങ്ങിക്കിടന്ന ഞാൻ ആന മാറിപ്പോയെന്ന് മനസ്സിലായതോടെ തകർന്നുകിടന്ന ഓട്ടോയുടെ മുകൾ ഭാഗം വഴി ഭാര്യയെയും മകളെയുമായി പുറത്തിറങ്ങി ഓടുകയായിരുന്നു. 250 മീറ്റർ ദൂരത്തുള്ള തൊഴിലാളി ലയത്തിലാണ് രക്ഷതേടിയത്. തുടർന്ന് തൊഴിലാളികൾ വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും സുരേഷിനെ ഒരു ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.’’
(മൂന്നാർ ടൗണിലെ വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയാണ് എസക്കി രാജ്. ഭാര്യ റെജീന എസ്റ്റേറ്റ് തൊഴിലാളിയാണ്. നല്ല തണ്ണി ലിറ്റിൽ ഫ്ളവർ സ്കൂളിലെ 5-ാം ക്ലാസ് വിദ്യാർഥിനിയാണ് കുട്ടി പ്രിയ. വീഴ്ചയിൽ എസക്കിയുടെ മുൻവശത്തെ പല്ലുകൾ പൂർണമായി നഷ്ടപ്പെട്ടു. എസ്റ്റേറ്റ് തൊഴിലാളികളായ ജാർഖണ്ഡ് സ്വദേശി ആദിത്യ (18), ഒഡീസ സ്വദേശി പിൽസൺ മുണ്ടൈ (28) എന്നിവരാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.