പൊതുമേഖലയ്ക്കും നിക്ഷേപ ക്ഷണം; പലിശ 8.5%

Mail This Article
തിരുവനന്തപുരം ∙ കൂടുതൽ പണം സ്വരൂപിക്കാനായി പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സർക്കാരിനു കീഴിലെ മറ്റു സ്ഥാപനങ്ങളിൽ നിന്നും സർക്കാർ നിക്ഷേപം ക്ഷണിച്ചു. 6 മാസത്തേക്ക് 8.5% എന്ന ഏറ്റവും ഉയർന്ന നിരക്കിൽ പലിശ നൽകാമെന്നാണു വാഗ്ദാനം. 5 കോടി രൂപയിലേറെ നിക്ഷേപിച്ചാലാണ് ഇൗ പലിശ നൽകുക. ഇൗ മാസം 1 മുതൽ 25 വരെയുള്ള കാലയളവിനുള്ളിൽ പണം നിക്ഷേപിക്കണം.
ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിക്കുന്ന പണം മുഴുവൻ സർക്കാർ സ്ഥാപനങ്ങൾ ട്രഷറിയിലേക്കു മാറ്റണം. എന്നാൽ, സംസ്ഥാന സർക്കാരിന്റെ കടമെടുപ്പു വെട്ടിക്കുറയ്ക്കാൻ മുഖ്യ കാരണക്കാരായ കിഫ്ബി ഇതുവരെ തങ്ങളുടെ കോടികളുടെ നിക്ഷേപം ട്രഷറിയിലേക്കു മാറ്റാൻ തയാറായിട്ടില്ല.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശമ്പളത്തിനു തടസ്സമില്ല
സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയെങ്കിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെ ശമ്പളം വിതരണം ചെയ്യുന്നതിനു തടസ്സമില്ല. ജീവനക്കാർക്കു നൽകുന്നതു പോലെ ഇടിഎസ്ബി അക്കൗണ്ടിലൂടെയല്ല, ട്രഷറി സേവിങ്സ് ബാങ്ക് (ടിഎസ്ബി) അക്കൗണ്ടിലൂടെയാണു മന്ത്രിമാർക്കു ശമ്പളം നൽകുന്നത്. ടിഎസ്ബി അക്കൗണ്ടിലെ പണം പിൻവലിക്കുന്നതിനു നിയന്ത്രണമില്ല.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണു സർക്കാർ ജീവനക്കാരുടെ ശമ്പളം ഇടിഎസ്ബി അക്കൗണ്ടിലൂടെ ബാങ്കിലേക്കു പോകുന്ന തരത്തിൽ മാറ്റം വരുത്തിയത്. അന്നത്തെ പരിഷ്കാരത്തിൽനിന്നു മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സർക്കാർ ഒഴിവാക്കിയിരുന്നു.