ഏറ്റവും ക്രൂരമായി മർദിച്ചത് സിൻജോ; സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് പറയുന്നു
Mail This Article
തിരുവനന്തപുരം ∙ സിദ്ധാർഥനെ ഏറ്റവും ക്രൂരമായി ആക്രമിച്ചത് ഇന്നലെ അറസ്റ്റിലായ സിൻജോ ജോൺസൺ ആണെന്നും ഇക്കാര്യം കോളജിലെ എല്ലാവർക്കും അറിയാമെന്നും സിദ്ധാർഥന്റെ പിതാവ് ടി.ജയപ്രകാശ് പറഞ്ഞു. സിദ്ധാർഥന്റെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചത്– അദ്ദേഹം പറഞ്ഞു.
‘കോളജിലെ രണ്ട് പെൺകുട്ടികളും ആൺകുട്ടികളും വീട്ടിൽ വന്നിരുന്നു. കാര്യം പറയാതെ പോയാൽ സമാധാനം കിട്ടില്ലെന്നു വിദ്യാർഥികൾ എന്നോടു പറഞ്ഞു. സ്വയം വഞ്ചിക്കപ്പെടുന്നതു പോലെയാകും, അതിനാൽ പറഞ്ഞേ പറ്റൂ എന്നാണ് അവർ പറഞ്ഞത്. പുറത്തു പറഞ്ഞാൽ സിൻജോ തലവെട്ടുമെന്നും പറഞ്ഞു. സിദ്ധാർഥനെ ഹോസ്റ്റൽ മുറിയിൽ തീർത്തതാണ്, നിയമപരമായിപോരാടണമെന്നു പറഞ്ഞാണു കുട്ടികൾ പോയത്. അതിനുശേഷമാണ് സിൻജോ ആരാണെന്ന് അന്വേഷിച്ചത്. പാർട്ടി നോക്കാതെ കൂടെ നിൽക്കുമെന്നു സിപിഎം പറയുന്നുണ്ടെങ്കിൽ എന്തു കൊണ്ടാണ് സമരം ചെയ്യാത്തത്?’–ജയപ്രകാശ് ചോദിച്ചു.സിൻജോയെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ പ്രതികളാക്കണം. പ്രതികൾക്കു തുടക്കം മുതൽ സിപിഎമ്മിന്റെ സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
‘ഈ ഘട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നില്ല. ഉദ്യോഗസ്ഥരെ വിശ്വസിക്കുന്നു. പ്രതികൾക്കെതിരെ നിസ്സാര വകുപ്പുകളാണോ ചുമത്തിയതെന്നു നോക്കും. പ്രതികൾ കീഴടങ്ങിയതിൽ ദുരൂഹതയുണ്ട്. രക്ഷിക്കാമെന്നു നേതാക്കൾ പറഞ്ഞതനുസരിച്ചാണു കീഴടങ്ങിയതെങ്കിൽ വകുപ്പുകൾ ദുർബലമാണോ എന്നു പരിശോധിക്കണം’– ജയപ്രകാശ് ആവശ്യപ്പെട്ടു.
"ഗവർണർ നട്ടെല്ലുള്ളയാൾ ഗവർണർ നട്ടെല്ലുള്ള വ്യക്തിയാണ്. അതനിലാണു വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്തത്. എന്തു സഹായവും ചെയ്യാമെന്നും പേടിക്കേണ്ട എന്നും വിസി വീട്ടിൽ വന്നു പറഞ്ഞു. ഇത്ര ദിവസമായിട്ടു എന്തു നടപടിയെടുത്തു? കുറ്റക്കാരനായ ഡീൻ ഡോ.എം.കെ.നാരായണനെതിരെ എന്തു നടപടിയെടുത്തു? ഡീനിനെയും ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം മേധാവി ഡോ.ആർ.കാന്തനാഥനെയും സർവീസിൽനിന്നു മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന ആവശ്യമെങ്കിലും അംഗീകരിച്ചിരുന്നെങ്കിൽ വിസിക്കു സസ്പെൻഷനിൽ പോകേണ്ടി വരില്ലായിരുന്നു. എല്ലാവരും ഒറ്റക്കെട്ടാണെന്ന് ഇപ്പോൾ തോന്നുന്നു. കൊലപാതകം മറച്ചുവച്ചതും കൂട്ടുനിന്നതും ഡീനും കാന്തനാഥനുമാണ്. പറ്റുമെങ്കിൽ അവരെ പിരിച്ചുവിടണം. ഇവരെജോലിയിൽനിന്ന് മാറ്റിനിർത്തിയെങ്കിലും അന്വേഷിക്കണം." - സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ്