ADVERTISEMENT

കൽപറ്റ ∙ പൂക്കോട് വെറ്ററിനറി കോളജില്‍ മരിച്ചനിലയിൽ കണ്ടെത്തിയ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ ഫോൺ അക്രമിസംഘം  പിടിച്ചുവച്ചിരുന്നതായി പൊലീസ്. മർദനമേൽക്കുന്ന കാര്യം വീട്ടുകാരെ അറിയിക്കാതിരിക്കാനായിരുന്നു ഇത്. തൂങ്ങിയ നിലയിൽ കണ്ടെത്തുന്നതിനു മുൻപ് 16ന് ഉച്ചയോടെയാണു വീട്ടുകാർ സിദ്ധാർഥനെ ഫോണിൽ ബന്ധപ്പെടുന്നത്. പിന്നീടു പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 

17നും ഫോണിൽ കിട്ടിയില്ല. സഹപാഠികളിലൊരാളെ വിളിച്ചപ്പോൾ കുഴപ്പമൊന്നുമില്ലെന്നും സിദ്ധാർഥൻ കിടക്കുകയാണെന്നും പറഞ്ഞു. ഈ സമയത്തെല്ലാം സിദ്ധാർഥന്റെ ഫോൺ പ്രതികളുടെ കയ്യിലായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. പിറ്റേന്നു വീണ്ടും മർദിച്ചു. അന്നു രാവിലെ പ്രതികൾ ഫോൺ കൈമാറി. തുടർന്ന്, ഫോണിൽ അമ്മയോട് 24നു വീട്ടിലെത്തുമെന്നു സിദ്ധാർഥൻ പറഞ്ഞു. പിന്നീടു കേൾക്കുന്നതു മരണവാർത്തയാണ്. 

മൃതദേഹം  അഴിച്ചതും പ്രതികൾ

ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഉടനെ സിദ്ധാർഥന്റെ മൃതദേഹം പൊലീസ് എത്തുന്നതിനു മുൻപ് അഴിച്ചെടുത്തതു പ്രതികളുടെ നേതൃത്വത്തിൽ. സിദ്ധാർഥൻ എന്തെങ്കിലും കടുംകൈ ചെയ്തേക്കാമെന്ന തോന്നലിൽ തലേന്നു രാത്രി മുഴുവൻ പ്രതികൾ കാവലിരുന്നതാണ്. 18നു രാവിലെ സിദ്ധാർഥനു വലിയ കുഴപ്പമില്ലെന്നു വിലയിരുത്തിയ സംഘം ഉച്ചയ്ക്കും മർദിക്കുകയായിരുന്നു. എല്ലാവരും ഭക്ഷണം കഴിക്കാൻ പോയ സമയത്താണു  ശുചിമുറിയിലേക്കു പോയതും പിന്നീടു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും. പ്രതികൾ തന്നെ മൃതദേഹം അഴിച്ചെടുത്തു. ആരോടും പറയരുതെന്നു വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

വിചിത്ര വാദങ്ങളുമായി പ്രതികൾ

നിയമക്കുരുക്കിൽനിന്നു പുറത്തുകടക്കാൻ പലവാദങ്ങളുമായി പ്രതികൾ. സിദ്ധാർഥനെ കോളജിലേക്കു വിളിച്ചുവരുത്തിയത് ആളുമാറിയാണെന്നും ഫോൺ നമ്പർ മാറിപ്പോയതാണെന്നുമാണു പ്രതികളിലൊരാൾ അന്വേഷണസംഘത്തോടു പറഞ്ഞത്. ക്ലാസിൽ മറ്റു സിദ്ധാർഥുമാരുണ്ടെന്നും അവരിലൊരാളെ വിളിച്ചപ്പോൾ നമ്പർ മാറിപ്പോയെന്നുമാണു ന്യായീകരണം. എന്നാൽ, നമ്പർ മാറിപ്പോയാലും ക്യാംപസിലെ പരാതി ഒത്തുതീർക്കാൻ എത്രയും വേഗം എത്തണമെന്നു കൃത്യമായി പറ‍ഞ്ഞു തിരിച്ചെത്തിച്ചത് എങ്ങനെയെന്ന ചോദ്യം അവശേഷിക്കുന്നു. 

സംഭവദിവസം ക്യാംപസിൽ ഇല്ലായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാൻ പോയിരുന്നുവെന്ന വാദമുയർത്തുന്നവരും പ്രതിപ്പട്ടികയിലുണ്ട്. സിദ്ധാർഥനെതിരെ നൽകിയ പരാതി 'പ്രിക്കോഷനറി മെഷർ' (മുൻകരുതൽ നടപടി) ആയിരുന്നുവെന്നു മൊഴി നൽകിയവരുമുണ്ട്.

പരാതിപരിഹാരകമ്മിറ്റിയിൽ പ്രതി

യൂണിയൻ സെക്രട്ടറി എന്ന നിലയിൽ ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റിയിലും അംഗമാണ് പ്രതി എസ്.അഭിഷേക്. സിദ്ധാർഥനെതിരായുള്ള ഒരു പെൺകുട്ടിയുടെ പരാതി പരിഗണിച്ചതും ഇതേ കമ്മിറ്റിയാണ്. സിദ്ധാർഥന്റെ മരണത്തിനു 8 ദിവസത്തിനു ശേഷം നടന്ന കമ്മിറ്റി യോഗത്തിൽ അഭിഷേക് പങ്കെടുക്കുകയും ചെയ്തു. പിറ്റേന്നു രാവിലെ അഭിഷേകിനൊപ്പം 8 പേരെ ചോദ്യം ചെയ്യാനായി പൊലീസ് വിളിച്ചുവരുത്തി. ഇവരിൽ അഭിഷേക് ഉൾപ്പെടെ 6 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീടാണ്  കോളജിൽനിന്ന് അഭിഷേകിന്റെ സസ്പെൻഷൻ ഉണ്ടായത്.

കേസിലെ മുഖ്യപ്രതി സിൻജോ ജോൺസണെ കൽപറ്റയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം കൊല്ലം ഓടനാവട്ടത്തെ വീട്ടിലെത്തി മാതാപിതാക്കളെ ചോദ്യം ചെയ്തിരുന്നു. എവിടെയാണെന്ന് അറിയില്ലെന്നാണു മാതാപിതാക്കൾ നൽകിയ മറുപടി. സംശയം തോന്നിയതിനെത്തുടർന്നു പലപ്രാവശ്യം പൊലീസ് വീട്ടിൽ വന്നുപോയി. മാതാപിതാക്കളുടെ ഫോൺ രേഖകളും പരിശോധിച്ചു.

കരുനാഗപ്പള്ളി താച്ചയിൽമുക്ക് എന്ന സ്ഥലത്തെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് അൽത്താഫിനെ അറസ്റ്റ് ചെയ്തത്. തെക്കുംഭാഗത്തെ അൽത്താഫിന്റെ വീട് കഴിഞ്ഞദിവസം രാത്രി മുതൽ പൂട്ടിയിട്ട നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ അൽത്താഫിനെ തേടിപൊലീസ് പ്രദേശത്തു പരിശോധന നടത്തിയിരുന്നു.

കാശിനാഥനെ അന്വേഷിച്ച് രണ്ടു ദിവസം മുൻപ് പൊലീസ് കടയ്ക്കലിലും ചിതറയിലും എത്തിയിരുന്നു.  സിപിഎം ചിതറ കിഴക്കുംഭാഗം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ മകനാണ് കാശിനാഥൻ. സജീവ എസ്എഫ്ഐ പ്രവർത്തകനാണ്. റാഗിങ് പരാതിപ്പെട്ട് കാശിനാഥൻ ആദ്യവർഷം വീട്ടിലേക്കു തിരികെ വന്നിരുന്നു. സിപിഎം നേതാക്കൾ സർവകലാശാലയിലെ എസ്എഫ്ഐ നേതാക്കളെ ബന്ധപ്പെട്ട ശേഷമാണു പഠനം തുടർന്നത്. പൊലീസ് അന്വേഷിച്ചെത്തുമ്പോൾ ബെംഗളൂരുവിൽ ഒളിവിലായിരുന്നു അജയ്.

പ്രതിപക്ഷ പ്രതിഷേധം

ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ  വെറ്ററിനറി സർവകലാശാലയിലേക്കു കോൺഗ്രസും പ്രതിപക്ഷ യുവജന-വിദ്യാർഥി സംഘടനകൾ നടത്തിയ മാർച്ച് അക്രമാസക്തമായി.  ടി.സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണൻ, പി.കെ.ജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം പൊലീസ് വലയം ഭേദിച്ച് ഹോസ്റ്റലിനുള്ളിലേക്കു കയറി. 

English Summary:

Police said gang seized phone of student JS Siddharth, who was found dead in Pookode Veterinary College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com