സിദ്ധാർഥന്റെ മരണം: നേരിട്ടു നടപടിയെടുത്ത് ഗവർണർ; വൈസ് ചാൻസലർക്ക് സസ്പെൻഷൻ
Mail This Article
തിരുവനന്തപുരം ∙ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, നടപടി സ്വീകരിക്കുന്നതിൽ അനാസ്ഥ കാട്ടിയതിന് വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലർ ഡോ. എം.ആർ.ശശീന്ദ്രനാഥിനെ സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സസ്പെൻഡ് ചെയ്തു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വിസിയെ ചാൻസലർ സസ്പെൻഡ് ചെയ്യുന്നത്.
എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ക്രൂരപീഡനത്തിനും ആൾക്കൂട്ട വിചാരണയ്ക്കും ഇരയായ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്നതിനു ജുഡീഷ്യൽ അന്വേഷണവും ചാൻസലർ ആവശ്യപ്പെട്ടു. കേരള വെറ്ററിനറി സർവകലാശാലാ നിയമത്തിന്റെ 9 (9) വകുപ്പ് അനുസരിച്ച് ഇത്തരമൊരു സംഭവമുണ്ടായാൽ ചാൻസലർ അന്വേഷണത്തിന് ഉത്തരവിടണം. ഇതിനായി സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ സിറ്റിങ് ജഡ്ജിയുടെ സേവനം ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച് ഹൈക്കോടതി റജിസ്ട്രാർ ജനറലിനു രാജ്ഭവൻ കത്തയച്ചു.
വിസിയെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ചുമതല വെറ്ററിനറി കോളജ് മുൻ ഡീൻ ഡോ. പി.സി. ശശീന്ദ്രനു നൽകി ചാൻസലർ ഉത്തരവിറക്കി. ഡോ. എം.ആർ.ശശീന്ദ്രനാഥിനെ വിസിയായി നിയമിക്കുന്ന സമയത്തു സേർച് കമ്മിറ്റി നൽകിയ മൂന്നംഗ പാനലിൽ ശശീന്ദ്രനും ഉണ്ടായിരുന്നു.
സർവകലാശാലയിൽ നടന്ന ഗുരുതര സംഭവവികാസങ്ങളിൽ നിരുത്തരവാദ നിലപാടു സ്വീകരിച്ചതാണ് വിസിയെ സസ്പെൻഡ് ചെയ്യാൻ കാരണമെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെക്കുറിച്ച് വിസിയോട് ഗവർണർ റിപ്പോർട്ട് ചോദിക്കുകയും അദ്ദേഹം നൽകുകയും ചെയ്തിരുന്നു.
സിദ്ധാർഥന്റെ മരണം സംബന്ധിച്ച പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടുകളിലടക്കം ദുരൂഹസാഹചര്യം വ്യക്തമാക്കിയിട്ടും സർവകലാശാലാ ചട്ടങ്ങൾ അനുസരിച്ചു നടപടി സ്വീകരിക്കുന്നതിൽ വിസിക്കു വീഴ്ചയുണ്ടായി. സിദ്ധാർഥനു നേരെയുണ്ടായ അക്രമം തടയുന്നതിലും വീഴ്ച സംഭവിച്ചു.
അനിഷ്ട സംഭവങ്ങൾ തടയുന്നതിനുള്ള ആത്മാർഥതയോ ഗൗരവം കണക്കിലെടുത്തുള്ള അടിയന്തര നടപടിയോ വിസിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ഉത്തരവിൽ കുറ്റപ്പെടുത്തുന്നു.
∙ നടപടിയോട് യോജിപ്പില്ല
‘സംസ്ഥാന സർക്കാരുമായി ആലോചിക്കാതെ വിസിയെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടിയോടു യോജിക്കാനാകില്ല. വിസിയെ സസ്പെൻഡ് ചെയ്യേണ്ട സാഹചര്യമില്ല. ഡീനിനെ മാറ്റാൻ നേരത്തേ നിർദേശം നൽകി. വകുപ്പുതല അന്വേഷണം നടക്കുന്നതിനിടെയാണു ഗവർണറുടെ നടപടി.’ – വെറ്ററിനറി സർവകലാശാലാ പ്രോ ചാൻസലർ കൂടിയായ മന്ത്രി ജെ.ചിഞ്ചുറാണി