ADVERTISEMENT

എന്റെ സഹോദരൻ മധു കൊല്ലപ്പെട്ട കേസിൽ വിധി വന്നപ്പോൾ കോടതിക്കു മുന്നിൽവച്ചു ഞാൻ പറഞ്ഞു: ‘ഞങ്ങൾക്കു നീതി കിട്ടിയില്ല, പ്രതികൾക്കു മതിയായ ശിക്ഷ ലഭിച്ചില്ല.’– ഇപ്പോൾ ഇതാ വയനാട്ടിൽ നിന്നു മറ്റൊരു വേദന. എന്റെ സഹോദരന്റേത് ഉൾപ്പെടെയുള്ള ആൾക്കൂട്ട ആക്രമണക്കേസുകളിൽ മതിയായ ശിക്ഷ നൽകിയിരുന്നുവെങ്കിൽ സിദ്ധാർഥന്റെ മരണം സംഭവിക്കുമായിരുന്നില്ല. മധുവിനെ കൊലപ്പെടുത്തിയ കേസ് കോടതിയിലെത്തിയപ്പോൾ സാക്ഷികൾ കൂറുമാറി. ഒപ്പം നിൽക്കുമെന്നു കരുതിയവർ പോലും പ്രതികൾക്കൊപ്പം ചേർന്നു. പ്രതികൾക്കു കൂടുതൽ കടുത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടു ഞങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

സഹോദരൻ കൊല്ലപ്പെട്ട നിമിഷങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ ഞാൻ ഇപ്പോഴും കരയും. ആരോഗ്യവും സമ്പത്തുമുള്ള ഒരു സംഘമാളുകൾ തല്ലിയും ചവിട്ടിയും ഉപദ്രവിച്ചപ്പോൾ ഏട്ടനും കരഞ്ഞിട്ടുണ്ടാകും. കൈകൾ കെട്ടിയിട്ടിരുന്നു. ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്റെ ഏട്ടൻ വേദന സഹിച്ചു മരിച്ചു. ആ വേദന എന്താണെന്നു പ്രതികൾ അനുഭവിച്ചറിയണം. അതുപോലെയുള്ള ശിക്ഷ വേണമെന്നാണു ഞാൻ ആഗ്രഹിച്ചത്. എന്റെ ഏട്ടനെപ്പോലെ സിദ്ധാർഥനും ഒരുപാടു കരഞ്ഞിരിക്കണം. സിദ്ധാർഥൻ വിദ്യാഭ്യാസമുള്ള കുട്ടിയാണ്. കൂടെ പഠിക്കുന്നവർക്കു മുന്നിൽ നഗ്നനായി നിന്ന് അടിയേൽക്കുമ്പോൾ അവന്റെ ശരീരവും മനസ്സും എത്രമാത്രം നീറിപ്പുകഞ്ഞിട്ടുണ്ടാകും. ഒടുവിൽ ആ കുട്ടിയെ കൊന്നുതൂക്കി.

ഇപ്പോഴത്തെ ബഹളമൊക്കെ കുറച്ചുദിവസം കഴിയുമ്പോൾ തീരും. ഒടുവിൽ, അവന്റെ അച്ഛനും അമ്മയ്ക്കും വീട്ടുകാർക്കും മാത്രമാകും നഷ്ടം. കേസിനും മറ്റു നടപടികൾക്കുമായി അവരാണു പൊലീസ് സ്റ്റേഷനും കോടതികളും കയറിയിറങ്ങേണ്ടത്. പക്ഷേ, അന്വേഷണം പഴുതടച്ചതല്ലെങ്കിൽ പ്രതികൾ രക്ഷപ്പെടും. ഒരു പഴുതും ഇല്ലാതെ അന്വേഷണം നടത്താൻ പൊലീസിനു മേൽ പൊതുസമൂഹത്തിന്റെ ജാഗ്രത വേണം.സിദ്ധാർഥന്റെ അച്ഛനെയും അമ്മയെയും എനിക്കു കാണണം. വേദന തിന്നു മരിച്ച ഒരു ഏട്ടന്റെ അനുജത്തിയാണു ഞാനെന്നു പറയണം. സിദ്ധാർഥനെ കൊന്ന പ്രതികൾക്ക് ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കാനുള്ള അവരുടെ പോരാട്ടത്തിന്റെ ഒപ്പം നിൽക്കും. ഇനി ഒരാൾക്കൂട്ടത്തിന്റെയും അട്ടഹാസം ശരീരം വേദനിച്ചു പിടയുന്നവന്റെ കരച്ചിലിനു മുകളിൽ ഉണ്ടാകരുത്. - (2018ൽ അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ സഹോദരി)

English Summary:

victim of mob lynching Madhu's Young sister m sarasu says

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com