ADVERTISEMENT

കൽപറ്റ ∙ പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്.സിദ്ധാർഥനെ അതിക്രൂരമായി മർദിച്ച 19 പേരിൽ ഒരാളെ ഇനിയും പിടികൂടാത്തതിൽ ദുരൂഹത. ഇതുവരെ അറസ്റ്റിലായ 18 പ്രതികളടക്കം 19 പേർക്കു സിദ്ധാർഥന്റെ മരണത്തിനിടയാക്കിയ സംഭവങ്ങളിൽ നേരിട്ടു പങ്കുണ്ടെന്ന് കോളജിലെ ആന്റി റാഗിങ് കമ്മിറ്റി കണ്ടെത്തിയിരുന്നു. കോളജിൽനിന്ന് സസ്പെൻഡ് ചെയ്യുകയും 3 വർഷത്തെ പഠനവിലക്ക് ഏർപ്പെടുത്തുകയും ചെയ്ത 19 പേരുടെ കൂട്ടത്തിലും പൊലീസ് പിടികൂടാത്ത ഈ വിദ്യാർഥിയുണ്ട്. 

Read Also: മഞ്ഞുരുകി: കുശലം പറഞ്ഞും ചിരിച്ചും ഗവർണറും മുഖ്യമന്ത്രിയും; ചായസൽക്കാരത്തിലും പങ്കെടുത്തു...

കൂടുതൽ പ്രതികളുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആദ്യം അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. സിദ്ധാർഥനെ മർദിച്ച സംഘത്തിൽ ഉൾപ്പെട്ടവരെന്നു സംശയമുള്ള കുറെ വിദ്യാർഥികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും പ്രതിയാക്കാൻ വേണ്ടത്ര തെളിവുകൾ ഇപ്പോൾ ഇല്ലെന്നാണ് ‍പൊലീസ് പറയുന്നത്. 

സംഭവത്തിൽ ഉൾപ്പെട്ട പ്രവർത്തകരുടെ എണ്ണത്തെക്കുറിച്ച് എസ്എഫ്ഐയും സിപിഎമ്മും പറയുന്ന കണക്കുകളിലെ പൊരുത്തക്കേടും പ്രതിപ്പട്ടികയും തമ്മിൽ ബന്ധമുണ്ടെന്ന സംശയമുയരുന്നുണ്ട്. അറസ്റ്റിലായ 18 പേരിൽ 4 എസ്എഫ്ഐക്കാരേ ഉള്ളൂവെന്ന് നേതൃത്വം പറയുമ്പോൾ മർദിച്ചവരിൽ‍ 5 പേരാണ് എസ്എഫ്ഐ പ്രവർത്തകരെന്ന് സിപിഎം നേതാക്കൾ വ്യക്തമാക്കുന്നു. മർദിച്ചവരെല്ലാം പിടിയിലായിട്ടില്ലെന്ന ആരോപണത്തിനു ശക്തി പകരുന്നതാണ് ഈ നിലപാട്. ആന്റി റാഗിങ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് പൊലീസ് പ്രതിപ്പട്ടിക തയാറാക്കണമെന്നില്ലെന്നാണു സർവകലാശാലാ അധികൃതർ പറയുന്നത്.

സിദ്ധാർഥൻ ജീവനൊടുക്കിയതാണെന്ന് പുതിയ വൈസ് ചാൻസലറും

കൽപറ്റ ∙ സിദ്ധാർഥന്റെ മരണം കൊലപാതകമാണോ എന്നതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ഉറപ്പിച്ച് വെറ്ററിനറി സർവകലാശാലയിലെ പുതിയ വൈസ് ചാൻസലറും. 

സിദ്ധാർഥന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ നടപടി സ്വീകരിക്കുന്നതിൽ അനാസ്ഥ കാട്ടിയെന്നു കണ്ടെത്തിയാണ് വൈസ് ചാൻസലറായിരുന്ന ഡോ. എം.ആർ.ശശീന്ദ്രനാഥിനെ മാറ്റി വെറ്ററിനറി കോളജ് മുൻ ഡീൻ ഡോ. പി.സി.ശശീന്ദ്രന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചുമതല നൽകിയത്. സസ്പെൻ‍ഡ് ചെയ്യപ്പെട്ട ഡീൻ ഡോ. എം.കെ.നാരായണന്റെ റിപ്പോർട്ടിൽ പോലും ‘മരിച്ച നിലയിൽ കാണപ്പെട്ട സിദ്ധാർഥൻ’ എന്നാണ് വിശേഷണം. 

തൽസ്ഥാനത്തു തുടരുന്നത് അന്വേഷണത്തിൽ മുൻവിധിയുണ്ടാക്കുമെന്നു കാണിച്ച് ഡീനിനെ സസ്പെൻഡ് ചെയ്തുള്ള വിസിയുടെ ഉത്തരവിലാണ് സിദ്ധാർഥന്റെ മരണം ആത്മഹത്യയാണെന്ന പരാമർശം. സിദ്ധാർഥനെ പ്രതികൾ കൊന്നു കെട്ടിത്തൂക്കിയതാണെന്ന മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും ആരോപണം നിലനിൽക്കെയാണ് ഇത്.

പൊലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലും എഫ്ഐആറിലും റാഗിങ്ങിനെത്തുടർന്നുണ്ടായ ആത്മഹത്യ എന്നാണു പരാമർശം. കൊലപാതകമാണോയെന്നു പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന് അതേ റിപ്പോർട്ടിൽത്തന്നെ പൊലീസ് ആവശ്യപ്പെടുകയും ചെയ്യുന്നു.

English Summary:

Siddharthan was beaten by 19 people, 18 arrested; Where is the suspect?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com