കരാറുകാർക്കു കുടിശിക നൽകി; റേഷൻ ചരക്കുനീക്കം തുടങ്ങി
Mail This Article
തിരുവനന്തപുരം ∙ റേഷൻ സാധനങ്ങളുടെ ‘വാതിൽപടി’ വിതരണം നടത്തുന്ന ട്രാൻസ്പോർട്ട് കരാറുകാർക്കുള്ള രണ്ടു മാസത്തെ ബിൽ കുടിശിക തുക ഭക്ഷ്യപൊതുവിതരണ വകുപ്പ് കൈമാറിയതോടെ ഗോഡൗണുകളിൽ നിന്നു റേഷൻ കടകളിലേക്കുള്ള ഈ മാസത്തെ ചരക്കുനീക്കം ആരംഭിച്ചു. ഡിസംബറിലെ 50% തുകയും ജനുവരിയിലെ മുഴുവൻ തുകയുമാണു കരാറുകാർക്കു നൽകിയത്.
ഫെബ്രുവരിയിലെ കണക്കുകൾ പരിശോധിച്ചു വരികയാണെന്നും ഈ തുകയും ഏതാനും ദിവസത്തിനകം കൈമാറുമെന്നും അധികൃതർ വ്യക്തമാക്കി. പ്രതിമാസം 24 കോടിയോളം രൂപയാണ് 83 താലൂക്കുകളിലായുള്ള കരാറുകാർക്കു നൽകുന്നത്. അതേസമയം, തൊഴിലാളിക്ഷേമ വിഹിതം കുടിശികയാക്കിയ കരാറുകാരിൽ നിന്നു നഷ്ടപരിഹാരം പിരിച്ചെടുക്കുന്നതിൽ നിന്നു ജില്ലാ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡുകളിൽ ഭൂരിഭാഗവും പിന്മാറി. ഇതു സംബന്ധിച്ച് ബോർഡുകൾ കരാറുകാർക്ക് നോട്ടിസ് അയച്ചിരുന്നു.
സർക്കാരിൽ നിന്നു ബിൽ തുക കുടിശികയായ കാര്യം കരാറുകാർ ബോർഡുകളെ അറിയിച്ചതോടെയാണ് പിന്മാറ്റം. റേഷൻ വ്യാപാരികൾക്ക് ജനുവരിയിലെ വേതനം ഇന്നലെ മുതൽ നൽകിത്തുടങ്ങി. ഫെബ്രുവരിയിലെ വേതനം കുടിശികയാണ്. മുൻഗണനാ റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നിർത്തിവച്ചതോടെ സംസ്ഥാനത്ത് ഇന്നലെ റേഷൻ വിതരണം സുഗമമായി നടന്നു. ആകെയുള്ള 94.30 ലക്ഷം കാർഡ് ഉടമകളിൽ 36.24 ലക്ഷം പേർ (38.43%) ഇതുവരെ റേഷൻ വാങ്ങി.