അഭിമന്യു കേസ്: നഷ്ടപ്പെട്ട കുറ്റപത്രത്തിന്റെ ഒരു പകർപ്പ് കണ്ടെത്തി
Mail This Article
കൊച്ചി∙ മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യു കൊല്ലപ്പെട്ട കേസിലെ മുഴുവൻ പ്രോസിക്യൂഷൻ രേഖകളും അടങ്ങുന്ന കുറ്റപത്രത്തിന്റെ ഒരു പകർപ്പു വിചാരണക്കോടതിയുടെ സേഫ് കസ്റ്റഡിയിൽ കണ്ടെത്തി. കേസിലെ പ്രതികളിലൊരാൾ കൈപ്പറ്റാതിരുന്ന പകർപ്പാണു കോടതിയിൽ കണ്ടെത്തിയത്. കോടതിയിൽ നിന്നു നഷ്ടപ്പെട്ട 11 രേഖകളുടെയും ഓരോ പകർപ്പ് ഇതിനൊപ്പമുള്ളതു വിചാരണ നടപടികൾക്കു സഹായകരമാണ്.
പുറമേ ഹൈക്കോടതിയുടെ നിർദേശപ്രകാരം പ്രോസിക്യൂഷൻ പുതുതായി സമർപ്പിച്ച പകർപ്പുകളും പ്രതിഭാഗത്തിന്റെ പക്കലുള്ള ഇതേ രേഖകളുടെ പകർപ്പുകളും ഒത്തുനോക്കി ആധികാരികത ഉറപ്പുവരുത്താൻ 30നു 2.30 വരെ സമയം അനുവദിച്ചു. ഏപ്രിൽ രണ്ടിനു കേസ് വീണ്ടും പരിഗണിക്കും. കേസ് ഇന്നലെ പരിഗണിച്ചപ്പോൾ പുതിയ രേഖകളുടെ ആധികാരികത സംബന്ധിച്ച സംശയങ്ങൾ പ്രതിഭാഗം വീണ്ടും ഉന്നയിച്ചു.
ഇതിനിടയിലാണു പ്രതിഭാഗം കൈപ്പറ്റാതിരുന്ന കുറ്റപത്രത്തിന്റെ ഒരു പകർപ്പു കോടതിയിൽ സുരക്ഷിതമാണെന്ന കാര്യം വെളിപ്പെടുത്തിയത്. രേഖകൾ നഷ്ടപ്പെട്ടതു 2019 ജനുവരിയിലാണെന്നാണു പ്രാഥമിക നിഗമനം. എന്നാൽ വിചാരണക്കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്നു രേഖകൾ എങ്ങനെയാണു നഷ്ടപ്പെട്ടതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണു നഷ്ടപ്പെട്ട രേഖകളുടെ പകർപ്പു തയാറാക്കി പ്രോസിക്യൂഷൻ വീണ്ടും സമർപ്പിച്ചത്.