ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോയ യുവതി ലോറിക്കടിയിൽപെട്ട് മരിച്ചു

Mail This Article
കോട്ടയം ∙ ഭർത്താവിനു പിറന്നാൾ സമ്മാനം വാങ്ങാൻ അദ്ദേഹത്തിനൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന യുവതി കണ്ടെയ്നർ ലോറിക്കടിയിൽപെട്ടു മരിച്ചു. കാറുകൾ കൂട്ടിയിടിച്ചുണ്ടായ ഗതാഗതക്കുരുക്ക് ഒഴിവാക്കി പോകുന്നതിനിടെ സ്കൂട്ടറിൽ നിന്നു ലോറിക്കടിയിലേക്കു തെറിച്ചുവീണാണു നീറിക്കാട് കല്ലമ്പള്ളി കൊല്ലകുഴിയിൽ ബിനോയിയുടെ ഭാര്യ പ്രിയ (46) മരിച്ചത്. ബിനോയി നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
നാഗമ്പടം റെയിൽവേ മേൽപാലത്തിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു സംഭവം. നാഗമ്പടത്ത് മീനച്ചിലാറിനു കുറുകെയുള്ള പാലത്തിനു സമീപം ഇന്നലെ വൈകിട്ട് 5.30നു കാറുകൾ കൂട്ടിയിടിച്ചു. തുടർന്നുണ്ടായ ഗതാഗതക്കുരുക്കിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണു രണ്ടാമത്തെ അപകടം.
നാഗമ്പടം മേൽപാലത്തിലൂടെ പോവുകയായിരുന്ന കണ്ടെയ്നർ ലോറിയുടെ ഇടതുവശത്തായിരുന്നു സ്കൂട്ടർ. ലോറി ഇടതുവശത്തേക്ക് അടുക്കുന്നതു കണ്ട് ബിനോയ് ബ്രേക്കിട്ടു. ഇതോടെ, പിന്നിലിരുന്ന പ്രിയ തെറിച്ച് ലോറിയുടെ ടയറുകൾക്കിടയിലേക്കു വീഴുകയായിരുന്നു. അപകടമുണ്ടായതറിയാതെ ഡ്രൈവർ ലോറിയുമായി മുന്നോട്ടുപോയി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ജീപ്പ് മുന്നിൽക്കയറ്റിയാണു ലോറി തടഞ്ഞുനിർത്തിയത്. ആദ്യ അപകടമറിഞ്ഞ് സ്ഥലത്തെത്തിയതാണു പൊലീസ് സംഘം.
പ്രിയയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ ഇളയ മകൾ ഗായത്രിയെ സ്കൂളിൽനിന്നു വീട്ടിലാക്കിയ ശേഷമാണു ബിനോയിയും പ്രിയയും കോട്ടയത്തേക്കെത്തിയത്. ഗംഗയാണു മറ്റൊരു മകൾ. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.