കാട്ടാനപ്പേടി ഒഴിയാതെ ഇടുക്കി; ജില്ലയിൽ ആറിടങ്ങളിൽ കാട്ടാനയിറങ്ങി, മൂന്നാറിൽ കടുവയും
Mail This Article
തൊടുപുഴ ∙ ഭീതിയുടെ അനിമൽ റേഞ്ചായി ഇടുക്കി ജില്ല. വനത്തിനോടു ചേർന്ന മേഖലയിൽ ഇന്നലെ ആറിടങ്ങളിൽ കാട്ടാനയിറങ്ങി. ചിന്നക്കനാൽ സിങ്കുകണ്ടത്ത് കൂനംമാക്കൽ മനോജ് മാത്യുവിന്റെ വീടിനുനേരെ ഇന്നലെ പുലർച്ചെ 4നു ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായി. വീടിന്റെ ഭിത്തിക്കു വിള്ളൽ വീണു. സീലിങ് പൊട്ടിവീണു.
-
Also Read
ബസിന് തുമ്പിക്കൈനീട്ടി നടുറോഡിൽ പടയപ്പ!
ഇടമലക്കുടിയിൽ കാട്ടാനക്കൂട്ടം ചൊവ്വാഴ്ച രാത്രി 7ന് ഇറങ്ങി ഗിരിജൻ സൊസൈറ്റിയുടെ പലചരക്കുകട തകർത്തു. സാധനങ്ങൾ വലിച്ചു പുറത്തിട്ടു. കഴിഞ്ഞ 13നു രാത്രിയിലും കാട്ടാനക്കൂട്ടം ഈ കട തകർത്ത് 7 ചാക്ക് റേഷനരി ഉൾപ്പെടെയുള്ള സാധനങ്ങൾ തിന്നു നശിപ്പിച്ചിരുന്നു. പടയപ്പ ഇന്നലെയും ജനവാസമേഖലയിലിറങ്ങി കൃഷി നശിപ്പിച്ചു. ദേവികുളം എസ്റ്റേറ്റിലെ മിഡിൽ ഡിവിഷനിലാണ് രണ്ടു ദിവസമായി പടയപ്പയുടെ വാസം.
സൈലന്റ്‌വാലി എസ്റ്റേറ്റിലെ 23-ാം നമ്പർ ഫീൽഡ്, കുണ്ടള എസ്റ്റേറ്റ് എന്നിവിടങ്ങളിലും ജനവാസ മേഖലകളിൽ ഇന്നലെ കാട്ടാനക്കൂട്ടമിറങ്ങി. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറ ആറാംമൈലിനു സമീപം 2 ദിവസമായി പാതയോരത്തു കാട്ടാനക്കൂട്ടം തുടരുകയാണ്. ഇന്നലെ പുലർച്ചെ 3ന് ആറാംമൈൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപവും കാട്ടാനകളെ കണ്ടു.ഇതിനു പുറമേ, തലയാറിൽ കടുവ പശുവിനെ കൊന്നു തിന്നു.