ഇരട്ടക്കൊല: ഒരു കൊല കൂടി നടത്താൻ നീക്കം നടന്നെന്ന് സൂചന, വിജയന്റെ കുടുംബത്തെ നിയന്ത്രിച്ചത് നിതീഷ്; പ്രതിക്കെതിരെ പീഡനക്കേസും

Mail This Article
കട്ടപ്പന ∙ മോഷണക്കേസ് പ്രതികളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി, വയോധികയെയും കൊലപ്പെടുത്താൻ നീക്കം നടത്തിയിരുന്നതായി സൂചന. മുഖ്യപ്രതിയായ പുത്തൻപുരയ്ക്കൽ നിതീഷാണ് കക്കാട്ടുകടയിൽ വാടകയ്ക്കു താമസിച്ചിരുന്ന നെല്ലിപ്പള്ളിൽ വിജയനെ കൊലപ്പെടുത്തിയതിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സുമയെയും കൊല്ലാൻ ആസൂത്രണം നടത്തിയതെന്നാണ് പൊലീസ് നിഗമനം.
മന്ത്രവാദത്തിലൂടെ വിജയന്റെയും കുടുംബത്തിന്റെയും വിശ്വാസം ആർജിച്ചശേഷം നിതീഷാണ് അവരെ പൂർണമായി നിയന്ത്രിച്ചിരുന്നത്. ഏപ്രിൽ 15ന് സുമയുടെ ആയുസ്സ് അവസാനിക്കുമെന്ന് നിതീഷ് അവരെ വിശ്വസിപ്പിച്ചിരുന്നു. സുമയെയും മകളെയും വീട്ടിൽ നിന്ന് പുറത്തിറക്കാതെ പാർപ്പിച്ചശേഷം സുമയ്ക്ക് കാര്യമായ ഭക്ഷണം നൽകിയിരുന്നില്ല. രാവിലെ ഗോതമ്പ് ദോശയും വൈകിട്ട് ഒരു തവി റേഷനരിയുടെ കഞ്ഞിയുമായിരുന്നു നിതീഷ് കഴിക്കാൻ നൽകിയിരുന്നത്. പൊലീസ് ഇവരെ കണ്ടെത്തുമ്പോൾ ശാരീരികമായി ഏറെ അവശതയിലായിരുന്നു.
സുമയുടെ മകൾക്ക് നല്ല ഭക്ഷണം നൽകിയിരുന്നു. കുടുംബത്തിലെ മറ്റുള്ളവരെ കൊലപ്പെടുത്തിയശേഷം മകളുമായി കടന്നുകളയാനായിരുന്നോ ഇയാളുടെ ശ്രമമെന്ന സംശയം ഇതോടെ പൊലീസിന് ശക്തിപ്പെട്ടു.
വിജയന്റെ മകൻ വിഷ്ണുവിനെ കേസിൽപെടുത്താനും നിതീഷ് ശ്രമിച്ചിരുന്നതായി സംശയിക്കുന്നു. വിഷ്ണുവിനെ ഉപയോഗിച്ച് നിതീഷ് പലയിടങ്ങളിലും മോഷണം നടത്തിയിരുന്നു. അത്തരത്തിൽ കട്ടപ്പനയിലെ വർക്‌ഷോപ്പിൽ മോഷണത്തിനിടെ പിടിയിലായതോടെയാണ് വിജയനെയും ഇദ്ദേഹത്തിന്റെ മകളുടെ 5 ദിവസം പ്രായമായ ആൺകുഞ്ഞിനെയും കൊലപ്പെടുത്തിയ വിവരം പുറത്തറിഞ്ഞത്.
മേരികുളം, ലബ്ബക്കട എന്നിവിടങ്ങളിൽ ഉൾപ്പെട്ട വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങളിലും ഇവരുടെ പങ്ക് പൊലീസ് സംശയിക്കുന്നുണ്ട്. കൊലക്കേസുകളിൽ പിടിയിലായ നിതീഷും കൂട്ടുപ്രതികളായ സുമയും വിഷ്ണുവും റിമാൻഡിൽ കഴിയുകയാണ്. അതേസമയം, ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നിതീഷിനെതിരെ മറ്റൊരു കേസുകൂടി പൊലീസ് റജിസ്റ്റർ ചെയ്തു.