കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പി.കെ.ബിജുവിനെ ചോദ്യം ചെയ്ത് ഇ.ഡി
Mail This Article
കൊച്ചി∙ മുന്നൂറു കോടി രൂപയുടെ ബെനാമി വായ്പ തട്ടിപ്പു കണ്ടെത്തിയ കരുവന്നൂർ ബാങ്ക് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എംപിയുമായ പി.കെ.ബിജുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. ഇന്നലെ രാവിലെ 10.30നു കൊച്ചിയിലെ ഇ.ഡി ഓഫിസിലെത്തിയ ബിജുവിന്റെ ചോദ്യം ചെയ്യൽ രാത്രി വൈകിയും തുടരുകയാണ്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ അംഗമായിരുന്ന പി.കെ.ബിജുവിന്റെ മൊഴികൾ കേസന്വേഷണത്തിൽ നിർണായകമാണ്. കേസിലെ മുഖ്യപ്രതിയായ പി.സതീഷ്കുമാർ ഒരു എംപിയുടെയും എംഎൽഎയുടെയും ബെനാമിയാണെന്ന ഗുരുതര ആരോപണം ഈ കേസിൽ വിചാരണക്കോടതി മുൻപാകെ അന്വേഷണ സംഘം ഉന്നയിച്ചിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറിയും പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവുമായ എം.എം.വർഗീസിന് ഇന്നു ഹാജരാകാനുള്ള നോട്ടിസ് ഇ.ഡി നൽകിയിട്ടുണ്ട്. കഴിഞ്ഞ 3നു ഹാജരാകാനുള്ള നോട്ടിസിൽ വർഗീസ് അസൗകര്യം അറിയിച്ചു വിട്ടുനിന്നിരുന്നു. പാർട്ടി അന്വേഷണ കമ്മിഷൻ അംഗമായിരുന്ന പി.കെ.ഷാജനോടും ഇന്നു ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.