ഹോംസ്റ്റേ ജീവനക്കാരിയായ അസം സ്വദേശിനി കൊല്ലപ്പെട്ടു; 2 പേർ കസ്റ്റഡിയിൽ

Mail This Article
കുട്ടനാട്∙ നെടുമുടി പഞ്ചായത്തിൽ വൈശ്യംഭാഗത്ത് ഹോം സ്റ്റേയിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിനിയെ ഈ വീടിന്റെ മുറ്റത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഷാൾ കഴുത്തിൽ മുറുക്കിയ നിലയിലാണു ഹസീറ ഖാത്തൂനിന്റെ(43) ശരീരം കിടന്നിരുന്നത്. സ്വർണക്കമ്മലുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ജോലിക്കായി ഇവിടെ എത്തിച്ച ഏജന്റിനെയും മറ്റൊരു യുവാവിനെയും നെടുമുടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഹസീറയുടെ മകൻ എന്ന പേരിൽ ഇയാൾ ഇവിടെ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നു.
വൈശ്യംഭാഗം മുന്നൂറ്റൻപതിലെ ഹോം സ്റ്റേയിൽ 5 മാസം മുൻപാണു ഹസീറ ജോലിക്കെത്തിയത്. ചൊവ്വാഴ്ച രാത്രി 11 വരെ ജോലി ചെയ്തിരുന്നു. അടുക്കളയോടു ചേർന്ന മുറിയിലാണു താമസിച്ചിരുന്നത്. ഇന്നലെ രാവിലെ ആറരയായിട്ടും എഴുന്നേറ്റു വന്നില്ല. ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നെന്നും ഒരു മണിക്കൂർ കഴിഞ്ഞിട്ടും കാണാതായതോടെ അന്വേഷിച്ചു ചെന്നപ്പോൾ മുറി പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നെന്നും വീട്ടുടമസ്ഥർ പറഞ്ഞു. പരിശോധനയിൽ വീടിനു പിൻവശത്തു മുറ്റത്തു ജഡം കണ്ടെത്തുകയായിരുന്നു. പുറത്തു പോകാനെന്ന പോലെയായിരുന്നു വസ്ത്രധാരണം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഹസീറയെ രണ്ടു പേർ ഇടയ്ക്കു സന്ദർശിക്കാറുണ്ടായിരുന്നു. ഭർത്താവും മകനുമാണെന്നും ആലപ്പുഴയിൽ ജോലി ചെയ്യുകയാണെന്നുമാണു ഹസീറ ഹോം സ്റ്റേ ഉടമകളോടു പറഞ്ഞിരുന്നത്. രണ്ടാം ഭർത്താവും അയാളുടെ ആദ്യ വിവാഹത്തിലെ മകനുമാണ് ഇവരെന്നാണു സൂചന. അതേസമയം, ഹോം സ്റ്റേ ഉടമയിൽ നിന്നു നമ്പർ വാങ്ങി പൊലീസ് ഇവരെ ബന്ധപ്പെട്ടപ്പോൾ ഹസീറ തങ്ങളുടെ ആരുമെല്ലെന്നാണ് ഇവർ പറഞ്ഞതെന്നു പഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥൻനായർ പറഞ്ഞു.