ഒടുവിൽ ഗവർണറുടെ അംഗീകാരം: ജസ്റ്റിസ് മണികുമാർ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ നിയമിക്കുന്നതിനുള്ള ഫയൽ 10 മാസം രാജ്ഭവനിൽ തടഞ്ഞു വച്ച ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി വാങ്ങിയ ശേഷം നിയമന ഉത്തരവ് ഇറക്കണമെന്നു സർക്കാരിനു രാജ്ഭവൻ നിർദേശം നൽകി.
കഴിഞ്ഞ മേയിൽ ജസ്റ്റിസ് ആന്റണി ഡൊമിനിക് വിരമിച്ച ഒഴിവിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായ 3 അംഗ സമിതി മണികുമാറിനെ നിയമിക്കാൻ ശുപാർശ നൽകിയത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വിയോജനക്കുറിപ്പ് സഹിതമാണ് ശുപാർശ ഗവർണർക്കു സമർപ്പിച്ചത്. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്റെ അധ്യക്ഷൻ ആക്കിയേക്കുമെന്ന സൂചന അദ്ദേഹം വിരമിക്കുന്നതിനു മുൻപേ ഉണ്ടായിരുന്നു. സർക്കാർ തീരുമാനത്തിൽ അതൃപ്തി വ്യക്തമാക്കിയ ഗവർണർ, നിയമനത്തിനെതിരെയുള്ള പരാതി സംബന്ധിച്ച് നിയമോപദേശവും തേടി. ശുപാർശ അംഗീകരിക്കാൻ മടിച്ച ഗവർണർ, കമ്മിഷനിലെ സീനിയർ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന് ആക്ടിങ് ചെയർമാനായി ചുമതല നൽകി. ഗവർണറുടെ ഇപ്പോഴത്തെ മനംമാറ്റത്തിന്റെ കാരണം വ്യക്തമല്ല.
മണികുമാർ ചീഫ് ജസ്റ്റിസ് ആയിരിക്കെ സർക്കാരിനു ബുദ്ധിമുട്ടുണ്ടാക്കുന്ന കേസുകൾ തീരുമാനമെടുക്കാതെ മാറ്റിവച്ചെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ചീഫ് ജസ്റ്റിസ് പദവി ഒഴിയുന്നതിനു മുൻപ് മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് കോവളത്തെ ഹോട്ടലിൽ അദ്ദേഹത്തിനു യാത്രയയപ്പു നൽകി.
മുൻ ഗവർണർ പി.സദാശിവം മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായിരിക്കെ അദ്ദേഹത്തിന്റെ ജൂനിയറായിരുന്നു മണികുമാർ. ചീഫ് ജസ്റ്റിസായിരിക്കെ മണികുമാർ സർക്കാരിന് അനുകൂലമായ നിലപാട് എടുത്തതായി രമേശ് ചെന്നിത്തലയും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയും ഗവർണർക്കു പരാതി നൽകിയിരുന്നു.