പോസ്റ്ററും ഓപ്പൺ ജീപ്പും മത്സരിച്ച കാലം; ഓർമകൾ പങ്കുവച്ച് രമേശ് ചെന്നിത്തലയും സുരേഷ് കുറുപ്പും
Mail This Article
സിപിഎമ്മിന്റെ ചരിത്രത്തിൽ ആദ്യമായി സ്ഥാനാർഥിയുടെ പടം വച്ചു പോസ്റ്ററടിച്ചതു കോട്ടയത്താണ്. അടുത്ത തിരഞ്ഞെടുപ്പിൽ ഓപ്പൺ ജീപ്പുമായി വന്നാണ് ഇതിനു കോൺഗ്രസ് കൗണ്ടറടിച്ചത്. 1984 ൽ, അതുവരെ ചിഹ്നവും പേരും മാത്രമായിരുന്ന പോസ്റ്ററിൽ ആദ്യമായി മുഖംപതിഞ്ഞ സ്ഥാനാർഥി സുരേഷ് കുറുപ്പ് വിജയിച്ചു. 1989 ൽ കോട്ടയം തിരിച്ചുപിടിക്കാനെത്തിയ കോൺഗ്രസിന്റെ യുവസ്ഥാനാർഥി പുതുമ അവതരിപ്പിച്ചു.
കേരളത്തിൽ ആദ്യമായി ഓപ്പൺ ജീപ്പിറക്കി പ്രചാരണം നടത്തി വിജയിച്ച ആ സ്ഥാനാർഥി രമേശ് ചെന്നിത്തലയാണ്. പര്യടനം പുതുപ്പള്ളിയിലെത്തിയപ്പോൾ ആവേശം മൂത്ത് ഉമ്മൻ ചാണ്ടി ഡ്രൈവിങ് സീറ്റിൽ കയറി വണ്ടി ഓടിച്ചു. ഈ 2 കഥകളിലെയും സാരഥികൾ ‘മനോരമ’യ്ക്കുവേണ്ടി ഒന്നിച്ചപ്പോൾ വിരിഞ്ഞത് രസകരമായ തിരഞ്ഞെടുപ്പു കഥകൾ.
വീടിളക്കി വിദ്യാർഥിക്കൂട്ടം
മറ്റു ജില്ലകളിൽ നിന്നു വന്ന വിദ്യാർഥികൾ കൂട്ടമായി കോട്ടയത്തെ വീടുകൾ കയറാൻ തുടങ്ങിയതായിരുന്നു 1984 ലെ തിരഞ്ഞെടുപ്പിന്റെ ചെറുപ്പം. അന്ന് എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റാണു കെ.സുരേഷ് കുറുപ്പ്. എസ്എഫ്ഐ നേതാക്കളായിരുന്ന സി.പി.ജോൺ, തോമസ് ഐസക് എന്നിവരുടെ ആശയമായിരുന്നു വിദ്യാർഥികളുടെ പ്രചാരണം.
89 ൽ കോട്ടയം തിരിച്ചുപിടിക്കാനെത്തുമ്പോൾ ഹരിപ്പാട് എംഎൽഎയായിരുന്നു ചെന്നിത്തല. സിപിഎമ്മിന്റെ കോട്ടയം മോഡൽ പ്രചാരണത്തെ നേരിടാനാണ് ഓപ്പൺ ജീപ്പ് ഇറക്കിയതെന്നു രമേശ് പറയുന്നു. ജീപ്പ് കണ്ടു താൻ ഞെട്ടിയെന്ന് സുരേഷ് കുറുപ്പിന്റെ മറുപടി. അനൗൺസ്മെന്റ് വാഹനത്തിന്റെ പിന്നിലെ കാറിനുള്ളിലിരുന്ന് സുരേഷ് കുറുപ്പ് വരുമ്പോഴാണ് എതിരെ തുറന്ന ജീപ്പിൽ മുഖത്തേക്ക് ലൈറ്റൊക്കെ തിരിച്ചു വച്ച് ചെന്നിത്തല വരുന്നത്.
‘ഞാൻ റോസ് പൗഡറിട്ട് നടക്കുകയാണെന്ന് എതിരാളികൾ പ്രചരിപ്പിച്ചു. വെയിൽ കൊണ്ടു മുഖം ചുവന്നു പോയതാണ്’– ചെന്നിത്തല പറഞ്ഞു. ഒരു വാക്ക് പറയുമ്പോൾ നാലുതവണ പ്രതിധ്വനിക്കുന്ന എക്കോ മൈക്ക് അന്നത്തെ പുതുമയായിരുന്നു. അന്നു യൂത്ത് കോൺഗ്രസ് നേതാവായിരുന്ന പൂന്തുറ സിറാജാണ് ഇത് എത്തിച്ചത്.
ധീരാ വീരാ വീരസുധീര
കേട്ടതിൽ ഏറ്റവും രസകരമായ മുദ്രാവാക്യം വി.എം.സുധീരന്റെ പേരിലുള്ളതെന്നു സുരേഷ് കുറുപ്പ്. ധീരാ വീരാ വീരസുധീരാ... എന്നായിരുന്നു മുദ്രാവാക്യം.
കോട്ടയത്ത് 98 ലെ തോൽവിക്ക് ഒരു കാരണം ലീഡർ പൊതുയോഗത്തിൽ നടത്തിയ എതിർപരാമർശമാണെന്നു ചെന്നിത്തലയ്ക്കു തോന്നിയിട്ടുണ്ട്. 99 ൽ മാവേലിക്കര തിരഞ്ഞെടുപ്പിലും ലീഡർ പ്രചാരണത്തിനു വന്നു. അവിടെയും ഇതേ പരാമർശം നടത്തുമെന്നു ചെന്നിത്തലയോട് ചില നേതാക്കൾ ഓർമിപ്പിച്ചു. പ്രസംഗം ആ ഭാഗമെത്തിയപ്പോൾ പുറത്തേക്കുള്ള മൈക്ക് എല്ലാം ഓഫ് ചെയ്യിച്ചു രക്ഷപ്പെട്ടു.
ഇഷ്ടം പാർലമെന്റ്
രണ്ടാൾക്കും കൂടുതലിഷ്ടം പാർലമെന്റിനോടാണ്. മിനി ഇന്ത്യയാണു പാർലമെന്റെന്ന് ചെന്നിത്തല. സബ്മിഷനുകളെല്ലാം കേട്ടിരുന്നാൽ മാത്രം മതി ഇന്ത്യയെ അറിയാനെന്നു സുരേഷ് കുറുപ്പ്. പാർലമെന്റിൽ സംസാരിച്ചാൽ ലോകം മുഴുവൻ കേൾക്കുമെന്നു ചെന്നിത്തല. സെൻട്രൽ ഹാൾ അടക്കമുള്ള ആ പഴയ പാർലമെന്റ് മന്ദിരമാണ് ഇരുവർക്കും ഇഷ്ടം. സെൻട്രൽ ഹാളിൽ എംപിമാർ ഒരുമിച്ചിരുന്നു ചർച്ചകൾ നടത്തിയതും കാപ്പി കുടിച്ചതുമെല്ലാം ഇരുവർക്കും ഓർമ.
ഹിന്ദി മാലൂം
ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജിൽ പ്രീഡിഗ്രിക്ക് ഒരേ വർഷമാണു ചെന്നിത്തലയും കുറുപ്പും ചേർന്നത്. സെക്കൻഡ് ലാംഗ്വേജ് ഹിന്ദി ക്ലാസുകളിലാണ് കണ്ടുമുട്ടിയതും സുഹൃത്തുക്കളായതും. സ്കൂൾകാലം മുതൽ ഹിന്ദി പഠിച്ച ചെന്നിത്തല പത്തിൽത്തന്നെ രാഷ്ട്രഭാഷാ വിശാരദ് പാസായി. പാർലമെന്റിലെ ഹിന്ദി പ്രസംഗം കേട്ട് വാജ്പേയിയും ജോർജ് ഫെർണാണ്ടസുമെല്ലാം ചെന്നിത്തലയെ അഭിനന്ദിച്ചിട്ടുണ്ട്. ഹിന്ദിയിൽ മാത്രമേ പ്രസംഗിക്കാവൂ എന്ന് റാം വിലാസ് പാസ്വാനൊക്കെ പറഞ്ഞിട്ടുമുണ്ട്.
സഭയിലെ താരങ്ങൾ
ലോക്സഭയിലെ ഇഷ്ടപ്പെട്ട നേതാക്കളുടെ പേരുകൾ രണ്ടാളും ഓർമിച്ചു.
സുരേഷ് കുറുപ്പ്: സോമനാഥ് ചാറ്റർജി, ഇന്ദ്രജിത്ത് ഗുപ്ത, പി.ചിദംബരം, പി.വി.നരസിംഹ റാവു. കെ.സി.പന്ത്
ചെന്നിത്തല: പി.ചിദംബരം, സോമനാഥ് ചാറ്റർജി.
രണ്ടാളും ഒരുമിച്ചു പറഞ്ഞത് ബനാത്‌വാലയുടെ പേരാണ്. 2 മിനിറ്റൊക്കെയായിരുന്നു ബനാത്‌വാലയ്ക്ക് പ്രസംഗിക്കാൻ കിട്ടിയിരുന്നത്. അതിനുള്ളിൽ കാര്യങ്ങൾ അവതരിപ്പിക്കും. എൻ.കെ.പ്രേമചന്ദ്രനും അങ്ങനെയാണെന്നു ചെന്നിത്തല പറഞ്ഞു.
പരസ്പര മത്സരം
യുഡിഎഫും എൽഡിഎഫും ഇന്ത്യാസഖ്യത്തിന്റെ ഭാഗമായി നിൽക്കുമ്പോഴും കേരളത്തിൽ പോരടിക്കുന്നെന്ന ബിജെപി വിമർശനത്തിനു രണ്ടാൾക്കും മറുപടിയുമുണ്ട്.
രമേശ്: കേരളത്തിൽ കോൺഗ്രസ് – സിപിഎം ആശയ പോരാട്ടത്തിന് ഒരു ചരിത്രമുണ്ട്. അതു ദുർബലമായാൽ വർഗീയ ശക്തികൾ ഇവിടെ സജീവമാകും.
സുരേഷ് കുറുപ്പ്: 2004 ൽ സിപിഎം ഏറ്റവും കൂടുതൽ സീറ്റ് നേടിയ സമയത്തും ബിജെപിക്ക് എതിരായി ഒറ്റക്കെട്ടായി നിൽക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. അതേ സാഹചര്യമാണ് ഇപ്പോഴും.
ജനാധിപത്യത്തെ കോമാളിവൽക്കരിക്കുന്നു
ലോക്സഭയുടെ ഇന്നത്തെ നടപടിക്രമങ്ങളോട് രണ്ടാൾക്കും യോജിപ്പില്ല. കോൺഗ്രസിന് മഹാഭൂരിപക്ഷമുള്ള കാലത്തും ബോഫോഴ്സ് കേസിൽ 3 തവണയാണ് അടിയന്തര പ്രമേയത്തിൽ ചർച്ച അനുവദിച്ചതെന്നു സുരേഷ് കുറുപ്പ് ഓർമിക്കുന്നു. അന്നു പ്രതിപക്ഷത്തെ കോൺഗ്രസ് ബഹുമാനിച്ചിരുന്നു. ഇപ്പോൾ ബിജെപിക്ക് ആ ബഹുമാനമില്ല.