‘വനഭൂമിയെന്ന് അറിഞ്ഞിട്ടും മരം പരിശോധിച്ചില്ല, കൊള്ള അറിയിച്ചിട്ടും എത്തിയില്ല’: ഡിഎഫ്ഒക്കെതിരെ ഗുരുതര ആരോപണങ്ങൾ
Mail This Article
കോഴിക്കോട് ∙ വയനാട് സുഗന്ധഗിരി വനംകൊള്ള അന്വേഷണ സംഘത്തിനു കൽപറ്റ റേഞ്ച് ഓഫിസർ കെ.നീതു നൽകിയ മൊഴിയിൽ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർക്കെതിരെ ഗുരുതര ആരോപണങ്ങൾ. മുറിക്കാൻ അടയാളപ്പെടുത്തിയ മരങ്ങൾ ഡിഎഫ്ഒ പരിശോധിച്ചിട്ടില്ലെന്നും, അനധികൃത മരംമുറി നടന്നതായി വിവരം ധരിപ്പിച്ചിട്ടും മൂന്നാഴ്ച കഴിഞ്ഞാണു സ്ഥലം പരിശോധിക്കാൻ എത്തിയതെന്നും നീതു മൊഴി നൽകി.
സ്വന്തം പിഴവുകളും സമ്മതിച്ച റേഞ്ച് ഓഫിസർ, മരം നിന്നിരുന്ന പ്രദേശം വനഭൂമിയാണെന്ന ധാരണയില്ലായിരുന്നു എന്നും വെളിപ്പെടുത്തി. സംഘം തയാറാക്കിയ 34 പേജുള്ള അന്വേഷണ റിപ്പോർട്ടിലാണു ഗുരുതര വിവരങ്ങൾ ഉള്ളത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു മൊത്തം 18 പേരെ കുറ്റക്കാരായി കണ്ടെത്തി, റേഞ്ച് ഓഫിസർ ഉൾപ്പെടെ 5 പേരെ തുടക്കത്തിൽ തന്നെ സസ്െപൻഡ് ചെയ്തത്. ഇതേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഎഫ്ഒയെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചെങ്കിലും ഉന്നതതല ഇടപെടലുകളെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ മരവിപ്പിച്ചു.
റേഞ്ച് ഓഫിസറുടെ സസ്പെൻഷൻ മാത്രം ഇപ്പോഴും നിലനിൽക്കുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സി.എസ്.വിഷ്ണു, കെ.വി.ബിപിൻ, സിയാദ് ഹസ്സൻ, എം.വിജയൻ, നജീബ്, വി.പി.ഷിജിത്ത്, ഐ.വി.കിരൺ, ടി.പി.മിനു, കെ.എസ്.ചൈതന്യ, എസ്.ദീപ്തി എന്നിവരെ ഇന്നലെ അടിയന്തരമായി സ്ഥലം മാറ്റി.