നെഹ്റുവിന്റെ മുൻ സെക്രട്ടറി എം.വി.രാജൻ അന്തരിച്ചു

Mail This Article
പാലക്കാട് ∙ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച കൽപാത്തി വലിയപാടം ‘പ്രണാമ’ത്തിൽ എം.വി.രാജൻ (95) അന്തരിച്ചു. 14 വർഷത്തോളം നെഹ്റുവിനൊപ്പം പ്രവർത്തിച്ച അദ്ദേഹം ജവാഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ട്, തീൻമൂർത്തി ഭവനിലെ ജവാഹർലാൽ നെഹ്റു സ്മാരക ലൈബ്രറി ആൻഡ് മ്യൂസിയം എന്നിവയുടെ രൂപീകരണത്തിൽ സഹകരിച്ചു.
പരേതയായ ജയലക്ഷ്മിയാണു ഭാര്യ. സംസ്കാരം നടത്തി. 1949ൽ വിദേശ മന്ത്രാലയത്തിൽ ജോലി നേടിയ അദ്ദേഹം 1950ൽ നെഹ്റുവിന്റെ പ്രൈവറ്റ് സെക്രട്ടറിമാരിൽ ഒരാളായി. നെഹ്റുവിന്റെ പുസ്തകങ്ങൾ, കത്തുകൾ, ലേഖനങ്ങൾ എന്നിവയെല്ലാം ക്രോഡീകരിച്ചു സൂക്ഷിക്കുന്നതിൽ പങ്കുവഹിച്ചു. അലഹബാദിലെ ആനന്ദ്ഭവൻ മ്യൂസിയത്തിന്റെ പ്രവർത്തനത്തിലും ഇന്ദിര മെമ്മോറിയൽ ട്രസ്റ്റ് രൂപീകരണത്തിനും സഹായിച്ചു. 20 വർഷത്തിലേറെയായി കൽപാത്തിയിലായിരുന്നു താമസം.