'ഗരുഡ പ്രീമിയം' ആയി നവകേരള ബസിന്റെ ആദ്യ സർവീസ്

Mail This Article
കോഴിക്കോട്∙ 'ഗരുഡ പ്രീമിയം' ആയി രൂപമാറ്റം വരുത്തിയ നവകേരള ബസ് കോഴിക്കോട്–ബെംഗളൂരു റൂട്ടിൽ ആദ്യ സർവീസ് നടത്തി. ഞായർ പുലർച്ചെ നാലരയ്ക്ക് കോഴിക്കോട് നിന്നു പുറപ്പെട്ട ഉച്ചയ്ക്ക് ഒരുമണിക്ക് ബെംഗളൂരുവിലെത്തി. വൈകിട്ട് 3.30 ന് പുറപ്പെട്ട് രാത്രി 10.05ന് കോഴിക്കോട് എത്തും വിധമാണ് സർവീസ്. ഓൺലൈൻ ബുക്കിങ് വഴി 1,240 രൂപയാണ് ടിക്കറ്റ് നിരക്ക്. ഏതു സ്റ്റോപ്പിൽ ഇറങ്ങിയാലും ഈ ഒറ്റ ടിക്കറ്റ് നിരക്ക് മാത്രമാണ് ഉള്ളതും.
ആദ്യ യാത്രയിൽ ബസിന്റെ ഹൈഡ്രോളിക് വാതിൽ കുറച്ച് ദൂരം അടയ്ക്കാൻ കഴിയാതിരുന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചു. അടിയന്തര സാഹചര്യത്തിൽ ഹൈഡ്രോളിക് വാതിൽ തുറക്കുന്നതിനായി ഉപയോഗിക്കുന്ന കൺട്രോൾ സ്വിച്ച് അമർത്തി വച്ചതാണ് പ്രശ്നമായതെന്നും ബത്തേരി ഡിപ്പോയിൽ എത്തി ഇതു പരിഹരിച്ച ശേഷമാണ് യാത്ര തുടർന്നതെന്നും കെഎസ്ആർടിസി ജില്ലാ ഓഫിസർ പറഞ്ഞു.
ഒരു യാത്രക്കാരന്റെ ബാഗിന്റെ സ്ട്രാപ്പ് ഉപയോഗിച്ച് വാതിൽ കെട്ടിവച്ചാണ് ബത്തേരി ഡിപ്പോ വരെ എത്തിയത്. താമരശ്ശേരിയിലും ബെംഗളൂരുവിലും യാത്രക്കാരുടെ നേതൃത്വത്തിൽ ബസിന് സ്വീകരണം നൽകിയിരുന്നു.