ADVERTISEMENT

കോട്ടയം ∙ ഒരു പൊതിച്ചോറിൽ നിന്നു തുടങ്ങിയ സ്നേഹവിപ്ലവം ഇന്ന് അനേകര‌ുടെ വിശപ്പടക്കുന്നു.  1966ൽ കോട്ടയം മെഡിക്കൽ കോളജിന്റെ രോഗക്കിടക്കയിൽ നിന്നു തുടങ്ങിയ കാരുണ്യത്തിന്റെ യാത്രയ്ക്ക് കാലം സാക്ഷി. സ്നേഹത്തിന്റെ പുതിയ സന്ദേശം നാടിനു നൽകിയ വലിയ മനസ്സിന്റെ ഉടമ ‘നവജീവൻ’ പി.യു.തോമസിന് ഇന്ന് 75 വയസ്സ് തികയുന്നു.  

പതിനേഴാം വയസ്സിൽ അൾസർ ബാധിതനായി ശസ്ത്രക്രിയയ്ക്കുള്ള ഊഴവും കാത്ത് മെഡിക്കൽ കോളജിൽ കഴിഞ്ഞ കാലത്ത് തൊട്ടടുത്ത തറയിൽ കിടന്നിരുന്ന രാമചന്ദ്രൻ എന്ന അനാഥരോഗിക്കു ഭക്ഷണമെത്തിച്ചാണ്  കാരുണ്യപ്രവർത്തനം തുടങ്ങിയത്. രാമചന്ദ്രന്റെ മരണത്തിനു ശേഷം ആശുപത്രി വാർഡുകളിൽ ഒരു നേരത്തെ ആഹാരത്തിനായി വിഷമിക്കുന്നവരെ കണ്ടെത്തി ഭക്ഷണമെത്തിച്ചു നൽകിത്തുടങ്ങി. ഇന്ന് 4 ആശ‌ുപത്രികളിലായി അയ്യായിരത്തിലധികം രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും അന്നം നൽകുന്നു.

ദിവസവും രോഗികളെ കാണാനെത്തിയിരുന്ന തോമസിന് ആശുപത്രി അധികൃതർ താൽക്കാലിക ജോലി നൽകി. 1969 ഡിസംബർ 6നു മെഡിക്കൽ വിദ്യാർഥികളുടെ മെൻസ് ഹോസ്റ്റലിൽ‌ ജോലിയിൽ പ്രവേശിച്ചു. തോമസിന്റെ സേവനത്തിന്റെ അടുത്ത അധ്യായം ആരംഭിക്കുന്നതു രാജസ്ഥാൻകാരിയായ മനുബായിയിൽ നിന്നാണ്. മെഡിക്കൽ കോളജിന്റെ മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ നിന്നു ഭക്ഷണം തിരഞ്ഞിരുന്ന ഗർഭിണിയായ സ്ത്രീയെ തോമസ് കണ്ടെത്തുമ്പോൾ പേരു പോലും ഓർത്തെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അവർ. പ്രസവത്തിനു ശേഷം വീണ്ടും തെരുവിലേക്കിറങ്ങിയ മനുബായിയെ വീണ്ടും കണ്ടെത്തി തിരുവനന്തപുരം മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ‘എന്നെ ഇവിടെ വിട്ടിട്ടുപോകരുത്’ എന്ന അവരുടെ ദയനീയമായ ശബ്ദം തോമസിനെ വേട്ടയാടി.  

മനോദൗർബല്യമുള്ളവരെ സംരക്ഷിക്കാൻ എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമാണു നവജീവൻ എന്ന ആതുരാലയത്തിന്റെ പിറവിക്കു പിന്നിൽ. അമലഗിരി കോളജിലെ സിസ്റ്റർ റോസ് നിർദേശിച്ച പേരാണ് നവജീവൻ. കോട്ടയത്ത് അലഞ്ഞുതിരിഞ്ഞു നടന്ന മനോദൗർബല്യമുള്ളവരെ മെഡിക്കൽ വിദ്യാർ‌ഥികളുടെ സഹായത്തോടെ കൂട്ടിക്കൊണ്ടുവന്നു കുളിപ്പിച്ചു വൃത്തിയാക്കി മെഡിക്കൽ കോളജിലെ മനോരോഗവിഭാഗത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സഹായത്തോടെ ചികിത്സയും പരിചരണവും നൽകി. 

അസുഖം മാറിയ പലരെയും അവരുടെ വീട്ടുകാർ സ്വീകരിക്കാതെ വന്നത് അടുത്ത വെല്ലുവിളിയായി. അവരെ മെഡിക്കൽ വിദ്യാർഥികൾ താമസിച്ചിരുന്ന പ്രൈവറ്റ് ഹോസ്റ്റലിന്റെ ഒഴിവു വന്ന മുറികളിൽ വിദ്യാർഥികളുടെ സഹായത്തോടെ താമസിപ്പിക്കാൻ ആരംഭിച്ചു. വാടകക്കെട്ടിടത്തിൽ ആരംഭിച്ച നവജീവൻ കോട്ടയംകാരുടെ സഹായത്തോടെ സ്വന്തം കെട്ടിടത്തിലേക്കു വളർന്നു. മനോദൗർബല്യം ബാധിച്ചവരും മക്കൾ ഉപേക്ഷിച്ചവരുമടക്കം 160ലധികം അന്തേവാസികൾ ഇന്നു നവജീവൻ ട്രസ്റ്റിലൂടെ സനാഥരാകുന്നു.  

ഒരു ദിവസം നവജീവന്റെ പ്രവർത്തനത്തിനായി ചെലവാകുന്നത് 2 ലക്ഷത്തോളം രൂപയാണ്. കയ്യയച്ചു സഹായിക്കുന്ന കോട്ടയം നിവാസികൾ കാരണമാണു വിദേശസഹായം സ്വീകരിക്കാതെ മുന്നോട്ടു പോകാൻ കഴിയുന്നതെന്നും അദ്ദേഹം കൃതജ്ഞതയോടെ പറയുന്നു. പ്രമുഖ ആരാധനാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമൊപ്പം ആതുരാലയങ്ങൾ ഉയർന്നുവരണം എന്നതാണ് ഇപ്പോഴും അദ്ദേഹം മനസ്സിൽ സൂക്ഷിക്കുന്ന ആഗ്രഹം. 

ഒരു നേരത്തെ ഭക്ഷണം നൽകാനോ അനാഥരായവരുടെ അടുക്കൽ അൽപനേരം ഇരിക്കാനോ പുതുതലമുറയെ പഠിപ്പിച്ചാൽ അനാഥരില്ലാത്ത ഇന്ത്യ എന്ന ആശയം യാഥാർഥ്യമാകാൻ അധികകാലം വേണ്ടിവരില്ലെന്നും അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. നവജീവന്റെ പ്രവർത്തനങ്ങളിൽ സഹകരിച്ച സ‍ുമനസ്സുകളോടൊപ്പം ഇന്നു പ്രാർഥനാദിനമായി ആചരിക്കുകയാണ്. മുൻ പാലാ രൂപതാ സഹായമെത്രാൻ ജേക്കബ് മുരിക്കൻ പ്രാർഥനകൾക്കു നേതൃത്വം നൽകും.

English Summary:

Navajeevan PU Thomas seventy fifth birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com